meat

കണ്ണൂർ: മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മറ്റു സംസ്ഥാനങ്ങളിൽ നിരോധനം ഏർപ്പെടുത്തുന്നതോടെ പുതിയ വിപണന സാദ്ധ്യത ലക്ഷ്യമിട്ടും പരിപൂർണ ശുചിത്വം ഉറപ്പാക്കാനും കേരളത്തിൽ ഹൈടെക് അറവുശാലകൾ വരുന്നു. കിഫ്ബിയുടെ 100 കോടി ധനസഹായത്തോടെയാണിത്. വിദേശ കയറ്റുമതികൂടി കണക്കിലെടുത്ത് കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ആധുനിക അറവുകേന്ദ്രങ്ങൾ സ്ഥാപിക്കും.14 കോടി വരെയാണ് ഒരു അറവുശാലയ്ക്ക് ചെലവ്.

നാട്ടിലെ ഉപയോഗത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 'ഇംപാക്ട് കേരള' എന്ന കമ്പനിയാണ് നടത്തിപ്പുകാർ. ഏപ്രിലിൽ തിരുവല്ലയിൽ ആദ്യത്തെ ആധുനിക അറവുശാല പ്രവർത്തനം തുടങ്ങും. തിരുവനന്തപുരം കോർപറേഷൻ 9.57 കോടിക്ക് നിലവിലെ അറവുശാല ആധുനികവത്ക്കരിക്കും

രണ്ടാം ഘട്ടം കോഴിക്കോട് കോർപ്പറേഷനിലും പാലക്കാട്, പുനലൂർ,ആറ്റിങ്ങൽ നഗരസഭകളിലുമാണ്. കൊച്ചി, തൃശൂർ കോർപറേഷനുകൾ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 1600 ടൺ അറവുമാലിന്യങ്ങളാണ് പുഴയിലേക്കും മറ്റും വലിച്ചെറിയുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്ന പദ്ധതി സമ്പൂർണ ശുചിത്വം ലക്ഷ്യമിടുന്നു.

സംസ്കരണം :

പ്രതിദിനം 100 വലിയ മൃഗങ്ങളെയും 50 ചെറിയ മൃഗങ്ങളെയും സംസ്‌കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. യന്ത്രത്തിന്റെ സഹായത്തോടെ, വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് സംസ്‌കരണം. മാലിന്യം നീക്കുന്നതിന് റെന്ററിംഗ് പ്ലാന്റുകളും മലിന ജലം ശുചീകരിക്കുന്നതിന് ഇ.ടി.പി ബയോഗ്യാസ്, ബയോഫിൽറ്റർ കമ്പോസ്റ്റ് എന്നിവയും ഉണ്ടാകും.

മലയാളിക്ക് വേണം

6 ലക്ഷം ടൺ മാംസം

ഇന്ത്യയിൽ കൂടുതൽ മാംസം കഴിക്കുന്നവർ മലയാളികളാണ്-ഒരു വർഷം 6 ലക്ഷം ടൺ. ഒരു വർഷം 9 ലക്ഷം പോത്തുകളെയും 11 ലക്ഷം ആടുകളെയും കശാപ്പു ചെയ്യുന്നു. ഇതിനു പുറമേയാണ് ലക്ഷക്കണക്കിന് കോഴികളെയും താറാവുകളെയും ഭക്ഷണമാക്കുന്നത്. ഇതിൽ 95 ശതമാനവും സംസ്കരിക്കുന്നത് അനധികൃതമായാണ്.