കണ്ണൂർ: ലോക്ക്ഡൗണിൽ അടച്ചിട്ട നാഷണൽ ടെക്‌സ്‌റ്റൈൽ കോർപ്പറേഷന് കീഴിലെ സ്പിന്നിംഗ് മില്ലുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. കോയമ്പത്തൂർ സോണിലെ കണ്ണൂർ, തമിഴ്‌നാട്ടിലെ കാളീശ്വര, പയനീർ, രംഗവിലാസ് എന്നിവയാണ് ഈമാസം തുറക്കുക.
തുറക്കുന്നതിന് മുന്നോടിയായി കണ്ണൂർ മില്ലിന്റെ അറ്റകുറ്റപ്പണി തുടങ്ങി. മാർച്ച് 23നാണ് മില്ലുകൾ അടച്ചത്. ഇവ വീണ്ടും തുറക്കാനായി തൊഴിലാളി സംഘടനകൾ ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. മില്ലുകൾ തുറക്കാനായി തൊഴിലാളികൾ സമരത്തിലുമാണ്.
തൃശൂരിലെ കേരളലക്ഷ്മി, തിരുവനന്തപുരം വിജയമോഹിനി, മാഹി സ്പിന്നിംഗ് മിൽ എന്നിവ രണ്ടാംഘട്ടത്തിലാകും തുറക്കുക. അതേസമയം, മില്ലുകൾ സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടെന്ന് ആരോപണമുണ്ട്. ലോക്ക്ഡൗൺ ഇളവുകളുമായി മറ്റു സ്ഥാപനങ്ങൾ തുറന്നെങ്കിലും എൻ.ടി.സി മില്ലുകൾ തുറക്കാത്തതിന് കാരണവും ഇതാണെന്ന് തൊഴിലാളികൾ ആരോപിച്ചിരുന്നു. തൊഴിലാളികളെ തകർക്കുന്ന സ്വകാര്യവത്കരണം അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ മിൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജോയിന്റ് സെക്രട്ടറി എൻ. നിവിൽ പറഞ്ഞു.
നൂൽവില മേലോട്ട്
ലോക്ക്ഡൗണിൽ മില്ലുകൾ അടയ്ക്കുമ്പോൾ ഒരുകിലോ പോളിസ്റ്റർ നൂലിന് 149 രൂപയായിരുന്നത് ഇപ്പോൾ 235 രൂപ.
സംസ്ഥാനത്തെ എൻ.ടി.സി മില്ലുകൾ
കണ്ണൂർ സ്പിന്നിംഗ് മിൽ
മാഹി സ്പിന്നിംഗ് മിൽ
തൃശൂർ കേരള ലക്ഷ്മി മിൽ
തൃശൂർ അളഗപ്പ ടെക്‌സ്‌റ്റൈൽസ്
നേമം ജയമോഹിനി മിൽ