കാസർകോട്: സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് കാസർകോട്ടെ സർക്കാർ അതിഥി മന്ദിരത്തിൽ സബ് കോടതിയുടെ ജപ്തിനോട്ടീസ് പതിച്ചു. ഹൊസങ്കടി ചെക്ക് പോസ്റ്റ് വികസനത്തിന് സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് സുപ്രീംകോടതി വർധിപ്പിച്ചു നൽകാൻ ഉത്തരവിട്ട വില നൽകാത്ത സാഹചര്യത്തിലാണ് അതിഥിമന്ദിരത്തിൽ കാസർകോട് സബ്‌കോടതിയുടെ ജപ്തിനോട്ടീസ് പതിച്ചത്. മംഗളൂരു ടെലികോം റോഡിലെ ദേവദാസ്‌കുമാർ, എം.സി ഹുസൈൻ, ഉപ്പള മുഹമ്മദ് ഹനീഫ് എന്നിവർ നൽകിയ ഹർജിയിൽ സബ്‌കോടതി ലേലം ചെയ്ത് പണം നൽകണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസിറക്കുകയായിരുന്നു. എൽ.എ സ്‌പെഷ്യൽ തഹസിൽദാർ, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണർ, കാസർകോട് കളക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്. സെന്റിന് 66,000 രൂപ നിരക്കിലാണ് ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നത്. വിലവർദ്ധന ലഭ്യമാക്കാൻ ആവശ്യപ്പെട്ടു നൽകിയ ഹരജിയിൽ 1,80,000 രൂപ നൽകാൻ സബ്‌കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയിൽ വരെ എത്തി. 1.20 ലക്ഷം രൂപ നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ ഈ തുക നൽകാൻ ഒരു നടപടിയും ഉണ്ടായില്ല. ഉടമകൾ 10 വർഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ജപ്തി നടപടി വന്നിരിക്കുന്നത്. 44 ലക്ഷം രൂപ ലഭിക്കണമെന്നാണ് സ്ഥലമുടമകളുടെ ആവശ്യം. 7 ലക്ഷം രൂപ ഉടമകൾക്ക് നൽകാനുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും സർക്കാർ സമ്മതിച്ച പണം പോലും നൽകാതിരുന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്. കാസർകോട് അതിഥി മന്ദിരത്തിന് രണ്ടുവർഷം മുമ്പും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.