നീലേശ്വരം: റോഡ് പ്രവൃത്തി കരാർ ഏറ്റെടുത്തിട്ട് പണി പൂർത്തീകരിക്കാതെ മുങ്ങിയ കരാറുകാരനെതിരെ പ്രതിഷേധം ശക്തമാകുന്നു. നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാറിംഗാണ് പാതിവഴിയിലായത്. 13 കിലോമീറ്റർ റോഡാണ് മെക്കാഡം ടാറിംഗ് ചെയ്യേണ്ടത്. ഇതിനായി 2018-19ൽ എഗ്രിമെന്റ് വെച്ചിരുന്നു. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനാണ് എഗ്രിമെന്റ്. മൊത്തം 42 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്.

എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇടത്തോട് റോഡിന്റെ പല ഭാഗത്തും വളവ് കുറക്കാനും, കയറ്റമില്ലാതാക്കാനും കിളിച്ചിട്ടതല്ലാതെ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. പാലായി വളവ്, നരിമാളം എന്നിവിടങ്ങളിൽ റോഡ് കളിച്ചിട്ടതോടെ ഈ ഭാഗങ്ങളിലുള്ള റോഡിൽക്കൂടി ഇരുചക്ര -മുച്ചക്ര വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാതായിരിക്കുകയാണ്. പുത്തരിയടുക്കം, ഇടിച്ചൂടി, ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ കൾവർട്ട് പണിതതോടെ ഇവിടങ്ങളിലുള്ള കുഴികളിൽ വാഹനങ്ങൾ വീഴുന്നത് നിത്യസംഭവമാണ്.

മെക്കാഡം ടാറിംഗ് ചെയ്യുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി നീലേശ്വരം മുതൽ ചോയ്യങ്കോട് വരെ റോഡ് അറ്റകുറ്റപണി ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിൽ നിലവിലുള്ള റോഡും കാണാതായിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷമായി നീലേശ്വരം - ഇടത്തോട് റോഡിലെ യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഇതുവഴി കടന്ന് പോകുന്നത്.