കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാകാത്ത പേരായിരുന്നു പി. ജയരാജന്റേത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പതിയെ ജയരാജൻ അപ്രസക്തനാകുകയാണ്. കണ്ണൂരിൽ നിറഞ്ഞുനിന്നിരുന്ന ജയരാജനെ ഇപ്പോൾ കാണുന്നതു പോലും അപൂർവ്വം. കണ്ണൂരിലെ സി.പി.എം എന്നാൽ മൂന്ന് ജയരാജൻമാരുടെതായിരുന്നു. എന്നാൽ ഇപ്പോഴത് രണ്ടിലേക്ക് ഒതുങ്ങിയോ? എന്നാണ് ഉയരുന്ന ചോദ്യം.
രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ജയരാജൻ. ഇതര നേതാക്കളുടെ മക്കളെല്ലാം പലവിധ വിവാദങ്ങളിൽ കുരുങ്ങിയപ്പോഴും ജയരാജൻ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു. ജയരാജന്റെ മകൻ വെട്ടുകല്ല് ചുമക്കുന്ന ചിത്രങ്ങളെല്ലാം ഒരുകാലത്ത് ഫേസ്ബുക്കിൽ തരംഗമായി. ഒരുവേള ജയരാജനെ സ്തുതിക്കുന്ന പാട്ടുകൾ പോലും ഇറങ്ങി. പി.ജെ. ആർമി എന്ന പേരിൽ നവമാദ്ധ്യമങ്ങളിൽ യുവാക്കൾ ജയരാജനെ വാഴ്ത്തി തുടങ്ങിയതോടെയാണ് ഇദ്ദേഹം ഇതര നേതാക്കളുടെ നോട്ടപ്പുള്ളിയായത്. വ്യക്തിപൂജയെന്ന പേരിലായിരുന്നു പിന്നീട് ജയരാജനെ പ്രതിരോധിച്ച് തുടങ്ങിയത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് പരാജയപ്പെട്ടതോടെ പി. ജയരാജനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അകൽച്ച കൂടി എന്നാണ് വിലയിരുത്തൽ. എം.വി. ജയരാജൻ പാർട്ടി ജില്ലാ സെക്രട്ടറിയായതോടെ കണ്ണൂരിൽ നടക്കുന്ന പൊതു പരിപാടികളിൽ പി. ജയരാജന്റെ സാന്നിദ്ധ്യം കുറഞ്ഞു. ഐ.ആർ.പി.സി രക്ഷാധികാരിയെന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ മാത്രമേ അദ്ദേഹം നടത്തുന്നുള്ളു. സംസ്ഥാന സമിതിയംഗമെന്ന നിലയിൽ കണ്ണൂരിലെ പാർട്ടി പരിപാടികളിൽ പി. ജയരാജന്റെ നേതൃത്വം ഇല്ലാതായിട്ട് കാലമേറെയായി.
ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർ പേഴ്‌സനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയ്‌ക്കെതിരെ ധർമ്മശാലയിൽ നടന്ന പൊതുയോഗത്തിൽ വിമർശനമഴിച്ചുവിട്ടതും വിനയായി എന്നതാണ് നിഗമനം. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജനെതിരെ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന വിമർശനവുമുണ്ടായിരുന്നു. ഇതോടെ ജയരാജനുമായി അടുപ്പമുണ്ടായിരുന്ന നേതാക്കൾ പിൻവലിയാൻ തുടങ്ങി. അണികളിൽ നല്ല സ്വാധീനമുണ്ടെങ്കിലും സംഘടനാ തലത്തിൽ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് ജയരാജൻ.
കഴിഞ്ഞ ദിവസം ബർണശേരി നായനാർ അക്കാദമിയിൽ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ വേദിയിൽ സ്ഥാനം ലഭിക്കാതെ സദസിന്റെ പിൻനിരയിൽ ജയരാജന് ഇരിക്കേണ്ടിവന്നു. ആളും പരിവാരവുമായി വേദിയലേക്ക് ആനയിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ജയരാജനെ ഗൗനിക്കുക പോലും ചെയ്തില്ല. ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാത്ത എം.വി. ഗോവിന്ദൻ, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം കിട്ടിയെങ്കിലും ആൾക്കൂട്ടത്തിൽ തനിയെയായിരുന്നു ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അകൽച്ച വർദ്ധിക്കുകയല്ലാതെ ഇരുവരും തമ്മിൽ മഞ്ഞുരുകാത്തതാണ് കണ്ണൂരിലെ പാർട്ടി അണികളുടെ ആശയും ആവേശവുമായ പി. ജയരാജന് തിരിച്ചടിയായത്. പാർട്ടിക്കു മുകളിൽ വളരാൻ ശ്രമിക്കുന്നു, വ്യക്തിപൂജ നടത്തി അണികളിൽ സ്വാധീനമുറപ്പിക്കുന്നു എന്നിവയല്ലാമായിരുന്നു നേതൃത്വം ഇദ്ദേഹത്തെ കുറിച്ച് വിമർശിച്ചിരുന്നത്. സർക്കാരിന്റെ ശോഭ കെടുത്താനായി നിരന്തരം അക്രമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു എന്നും ആരോപണം ഉണ്ടായിരുന്നു. ഒരു കാലത്ത് എം.വി.ആറിന് നേരിട്ട തിരിച്ചടിയാണ് ഇപ്പോൾ പി. ജയരാജനെയും അഭിമുഖീകരിക്കുന്നതെന്ന് അണികളും കരുതുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ മത്സരിക്കാൻ സാദ്ധ്യതയുള്ളവരുടെ പട്ടികയിൽ ജയരാജന്റെ പേര് ഇടം പിടിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.