കണ്ണൂർ: ദേശീയപാതയിൽ കുഴികൾ അടച്ച് മെക്കാഡം ടാറിംഗ് നടത്തിയതിനു ശേഷം അപകടങ്ങൾ പതിവാകുന്നു. പ്രധാനമായും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. ടാറിംഗിനു ശേഷം റോഡ് ഗണ്യമായി ഉയരുകയും അരികുകളിൽ വൻ കുഴികൾ രൂപപ്പെട്ടതുമാണ് അപകടത്തിന് കാരണമാകുന്നത്.

കണ്ണൂർ ജില്ലയിൽ കരിവെള്ളൂരിനടുത്ത പാലക്കുന്ന്, ആണൂർ, വളപട്ടണം, കാസർകോട് ജില്ലയിൽ കാലിക്കടവ് വൈദ്യുതി ഓഫീസ് പരിസരം, മട്ടലായി, ഞാണങ്കൈ ഇറക്കം, ജെ.കെ റസിഡൻസിക്ക് എതിർവശത്തെ വളവ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് അപകടങ്ങൾ പതിവാകുന്നത്. വാഹനങ്ങൾക്ക് അരികുനൽകുമ്പോൾ ഒന്നര അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വാഹനങ്ങൾ തെന്നിവീണാണ് അപകടങ്ങൾ സംഭവിക്കുന്നത്.

പേരിന് റോഡിൽ ചില ഭാഗങ്ങളിൽ മണ്ണിട്ടിട്ടുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും നികത്തിയിട്ടില്ല. എൻജിനീയർമാരും കരാറുകാരും തമ്മിലുള്ള കൊടുക്കൽ, വാങ്ങൽ ബന്ധത്തിന്റെ പേരിൽ കർശന നടപടി എടുക്കാൻ ബന്ധപ്പെട്ട വകുപ്പിന് കഴിയുന്നില്ലെന്നാണ് ഉയർന്നുവരുന്ന ആരോപണം. കൂടാതെ ദേശീയപാതയിൽനിന്ന് ഗ്രാമീണ റോഡുകളിലേക്ക് മാറുന്ന സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.