കണ്ണൂർ: മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ഇരിക്കൂർ നിടുവള്ളൂർ പള്ളിക്ക് സമീപത്തെ കെ.ആർ. സാജിദ് (34) ആണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ കെ. സുദേവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് യുവാവ് പിടിയിലായത്. മെത്തലിൻ ഡയോക്‌സി മെത്ത് ആംഫിറ്റാമിനുമായാണ് ഇയാൾ പിടിയിലായത്. 9 ഗ്രാമാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. മോളി എക്സിം എം എന്ന പേരിലാണ് ഈ ലഹരിമരുന്ന് അറിയപ്പെടുന്നത്. ഒരുമാസം മുമ്പ് കണ്ണൂർ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അൻസാരി ബീഗുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഒരുമാസമായി ഇരിക്കൂർ ടൗണും പരിസരവും എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡും ഷാഡോ ടീമിന്റെയും നിരീക്ഷണത്തിലായിരുന്നു. ഇതിൽ ഡയനാമോസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് രാത്രി രണ്ടുമണി വരെയും യുവാക്കൾ ലഹരി തേടിയെത്തുന്നത് കൃത്യമായി മനസ്സിലാക്കുകയും പുതുവർഷ രാത്രി ആഘോഷിക്കുന്നതിന് ലഹരി ആവശ്യക്കാരായ യുവാക്കളുടെ എണ്ണമെടുത്ത് ആവശ്യാനുസരണം ലഹരി വിതരണത്തിന് തയ്യാറെടുത്തപ്പോഴാണ് ഇയാൾ എക്‌സൈസിന്റെ കെണിയിലായത്. രണ്ട് ഗ്രാം എം.ഡി.എം.എ കൈവശം വച്ചാൽപോലും പത്തുവർഷംവരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.