കണ്ണൂർ: കണ്ണൂരിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യ പരിഗണന നൽകുമെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ ടി. ഒ മോഹനൻ പറഞ്ഞു. കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 55 പേരുടെ ടീമാണ് കോർപ്പറേഷനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഭരണപക്ഷം ,പ്രതിപക്ഷം എന്നൊന്നില്ല. ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒരുമിപ്പിച്ച് സൗഹൃദഭരണം കാഴ്ചവെക്കും. കണ്ണൂർ നഗരത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം.
ആധുനിക രീതിയിലുള്ള രണ്ട് ശ്മശാനങ്ങൾ ഉടൻ പ്രവർത്തനക്ഷമമാകും. ഒരേ സമയം രണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടാകും. കെ. എം. ഷാജി എം. എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി ഉപയോഗിച്ച് മൂന്നു മൃതദേഹങ്ങൾ ഒരേ സമയം ദഹിപ്പിക്കാൻ കഴിയുന്ന ശ്മശാനവും പരിഗണനയിലാണ്. അനുശോചന യോഗം ചേരാനുള്ള ഹാൾ, വി. ഐ.പി റൂം എന്നിവയും ശ്മശാനത്തിലുണ്ടാകും. മൂന്നു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
ഡെപ്യൂട്ടി മേയർ കെ ഷബീനയും പരിപാടിയിൽ സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എ .കെ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി .കെ. എ. ഖാദർ നന്ദിയും പറഞ്ഞു.
നഗരശുചീകരണം
നഗരശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകും. കോർപ്പറേഷൻ കെട്ടിടം പുതുക്കി പണിയും. രണ്ട് മാസത്തിനുള്ളിൽ പുതിയ ഓഫീസ് സമുച്ചയ നിർമ്മാണത്തിന് തുടക്കം കുറിക്കും.വരുന്ന രണ്ട് വർഷം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തീകരിക്കും.ഇവിടെ തന്നെ ടൗൺ ഹാൾ നിർമ്മിക്കുവാനും ആലോചനയുണ്ട്.
കാക്കും കക്കാട് പുഴയെ
കക്കാട് പുഴ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. നഗരത്തിലെ പ്രധാനപ്പെട്ട എല്ലായിടങ്ങളിലും നാല് മാസത്തിനുള്ളിൽ സിസിടിവി സ്ഥാപിക്കും. മൾട്ടി ലെവൽ മെക്കാനിക്കൽ പാർക്കിംഗ് ഏരിയ സ്‌റ്റേഡിയം കോർണറിലും സ്‌റ്റേറ്റ് ബാങ്കിന് സമീപത്തും ആറ് മാസത്തിനുള്ളിൽ ഏർപ്പെടുത്തും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കും.അമൃത് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും.
തെരുവ് വിട്ടുകൊടുക്കില്ല
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും കന്നുകാലികൾ അലയുന്നത് തടയാനും നടപടി സ്വീകരിക്കും.പയ്യാമ്പലം പാർക്ക് നല്ല രീതിയിൽ മെച്ചപ്പെടുത്തിയെടുക്കാൻ ഡി .ടി.പി .സി ചെയർമാനായ കളക്ടറുമായി സംസാരിക്കും. ആവശ്യമായ സൗകര്യത്തോടെ പയ്യാമ്പലം പാർക്ക് തുറന്ന് കൊടുക്കും.
സ്റ്റേഡിയം വിട്ട് കളിയില്ല
ജവഹർ സ്‌റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നേരിട്ടിടപ്പെടും. കോർപ്പറേഷന്റെ ആസ്തിയായി നിലനിർത്തിമാത്രമെ ജവഹർ സ്‌റ്റേഡിയത്തിൽ നവീകരണ പ്രവൃത്തിക്ക് അനുമതി നൽകുകയുള്ളു. ജില്ലാ സ്പോർട്സ് കൗൺസിലിന് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലില്ല.
നിരോധിത പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കുമെന്നും മേയർ പറഞ്ഞു.