കാസർകോട്: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ച് നിർത്താതെ പോയ ആൾട്ടോ കാർ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 3 മണിയോടെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈനിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നിതിനിടെയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീശനെ കാറിടിച്ചത്. തുടർന്ന് അമിത വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടരുന്നതിനിടെ ഉപ്പള സ്‌കൂളിന് സമീപം ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ മറിയുകയും സമീപത്തെ മരത്തിലിടിക്കുകയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്. പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സതേടി. മനപ്പൂർവ്വം കാറിടിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.