കാസർകോട്: സംസ്ഥാന സർക്കാർ സഹായത്തോടെ ജില്ലയുടെ സമഗ്രവികസനമാണ് വരുംകാലങ്ങളിൽ ജില്ലാ പഞ്ചായത്ത് നടപ്പില്ലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. പ്രസ് ക്ളബ് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. അഞ്ച് വർഷത്തെ ഭരണത്തിൽ എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും. ഒരു കാസർകോട് മോഡൽ വളർത്തിയെടുക്കാൻ മുൻകൈ എടുക്കും. ഇതിനായി ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലുള്ളവരുമായി ചർച്ച നടത്തും അതിനായി വിഷൻ 2050 തയ്യാറാക്കും. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, മണ്ണ് ജലസംരക്ഷണം,ക്ഷീര വികസനം ,മത്സ്യബന്ധനം, മാലിന്യ സംസ്‌കരണം , പരിസ്ഥിതി സംരക്ഷണം. ആരോഗ്യരംഗം, വിദ്യാഭ്യാസമേഖല ,കുടിവെള്ള സംരക്ഷണം , പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ വിഷയങ്ങൾ ബന്ധപ്പെട്ട് സ്റ്റാൻഡിംഗ് കമ്മറ്റിയിൽ ചർച്ച ചെയ്തു പദ്ധതികൾ തയ്യാറാക്കും. സമഗ്രവികസനത്തിന്റെ വേദിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാതല പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തും. ജനകിയാസൂത്രണം 2050 പദ്ധതി തയ്യാറാക്കും .വികസനത്തിന്റെ വിവിധ മേഖലകൾ പഠിക്കാൻ ജില്ലാതല കോൺഗ്രസ് സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു.