prof-h-venkideshurulu
കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വരലുവിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നു

കാസർകോട്: കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഭാവിയിലും തുടരാൻ കേരള കേന്ദ്ര സർവ്വകലാശാല. വൈറസ് ജന്യ രോഗങ്ങളുടെ പരിശോധനയ്ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനം ഒരുക്കാൻ തീരുമാനം. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി പ്രധാന ക്യാംപസിൽ നിന്ന് മാറിയുള്ള പെരിയതണ്ണോട്ട് റോഡിലുള്ള കെട്ടിടം സർവ്വകലാശാല വിട്ടുനൽകും. അടിസ്ഥാന സൗകര്യങ്ങളും നൈപുണ്യവും നൽകും.

സാങ്കേതിക സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കും. 1.6 കോടി രൂപ ഇതിനായി അനുവദിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വൈറസ് രോഗങ്ങളുടെ ഉന്നത ഗവേഷണ കേന്ദ്രമായി ഉയർത്തുന്നതിന് സർവ്വകലാശാല തത്വത്തിൽ അംഗീകാരം നൽകി. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിക്കെതിരെ സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടിരുന്നു. ഇതുവരെ അരലക്ഷത്തോളം സാമ്പികളുകൾ സർവ്വകലാശാലയിൽ പരിശോധിച്ചു. നിലവിലെ കൊവിഡ് പരിശോധനാ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റും. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വരലുവിന്റെ നേതൃത്വത്തിൽ കെട്ടിടം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. രജിസ്ട്രാർ എം.മുരളീധരൻ നമ്പ്യാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ്, ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോ.എ.ടി. മനോജ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാമൻ സ്വാതി വാമൻ, ബയോകെമിസ്ട്രി ആന്റ് മോളികുലാർ ബയോളജി മേധാവി ഡോ.രാജേന്ദ്ര പിലാൻകട്ട, അസിസ്റ്റന്റ് പ്രൊഫസർ ഡോ.സമീർ കുമാർ വി.ബി, മെഡിക്കൽ ഓഫീസർ ഡോ. ആരതി നായർ, ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ ഡോ.അരുൺകുമാർ എന്നിവരും സംബന്ധിച്ചു.


വൈറസ് ജന്യ രോഗങ്ങളുടെ പരിശോധനയ്ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനം വരുന്നത് കേരളത്തിന്റെ, പ്രത്യേകിച്ച് കാസകോട് ജില്ലയുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തും. വൈറസ് ജന്യ രോഗങ്ങൾ വർദ്ധിക്കുന്ന കേരളത്തിൽ ഇവ ഉടനടി കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കും. മരുന്നുകളെക്കുറിച്ചും വാക്സിൻ സംബന്ധിച്ചും ഗവേഷണം നടത്തുന്നതിനും പരിഹാരങ്ങൾ നിദ്ദേശിക്കുന്നതിനും കഴിയും. ജില്ലയിലെ ഡോക്ടർമാരുടെ സേവനവും ഇതിനായി ഉപയോഗിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർവ്വകലാശാല മുൻപന്തിയിലാണുള്ളത്. സമൂഹത്തിനുള്ള സേവനം സർവ്വകലാശാല തുടരും

പ്രൊഫ.എച്ച്.വെങ്കടേശ്വരലു , വൈസ് ചാൻസലർ