leage

കാഞ്ഞങ്ങാട്: നഗരസഭ എൽ.ഡി.എഫ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത രണ്ടു പേരോടും അസാധുവാക്കിയ ഒരാളോടും മുനിസിപ്പൽ ലീഗ് കമ്മിറ്റി എഴുതി വാങ്ങിയ രാജിക്കത്തിൽ ഈ മാസം എട്ടിന് മുമ്പ് തീരുമാനമുണ്ടാകുമെന്ന് സൂചന. സ്റ്രാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിനായി വീണ്ടും കൗൺസിൽ ചേരുന്നത് അന്നാണ്.

ഈ യോഗത്തിൽ നടപടി നേരിടുന്ന മൂന്ന് കൗൺസിലർമാർ ഹാജരാകുന്നത് വിമർശനത്തിന് ഇടയാക്കുമെന്നതിൽ ഇതൊഴിവാക്കാനാണ് ഈ തീയതിക്ക് മുമ്പ് രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. .ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലാണ് രണ്ട് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥനാർത്ഥിക്ക് വോട്ട് നൽകിയതും ഒരാൾ അസാധുവാക്കിയതും. അന്നു രാത്രി തന്നെ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി യോഗം ചേർന്ന് കൗൺസിലർമാരോട് രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു.പിറ്റേന്ന് വൈകുന്നേരത്തിനുള്ളിൽ രാജിക്കത്ത് സെക്രട്ടറിക്ക് എത്തിക്കുമെന്നാണ് മണ്ഡലം നേതാവ് പറഞ്ഞത്.എന്നാൽ ഇപ്പോൾ ഒരാഴ്ച എത്താറായിട്ടും നടപടി ഉണ്ടായിട്ടില്ല.

നവമാദ്ധ്യമ വിചാരണയും

അതേ സമയം ലീഗ് പ്രവർത്തകർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കൗൺസിലർമാരെ കടുത്ത രീതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.താൻ ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചിരുന്നുവെന്നാണ് ഒരു പോസ്റ്റിന് കൗൺസിലർമാരിലൊരാൾ ഇട്ട മറുപടി. എന്തായാലും ഒരാഴ്ചക്കകം ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

യൂത്ത് ലീഗ് നേതാവ് പാർട്ടി വിട്ടു

കാഞ്ഞങ്ങാട്: ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്ത ലീഗ് കൗൺസിലർമാരോട് രാജിക്കത്ത് എഴുതി വാങ്ങിയ സംഭവത്തിൽ യൂത്ത് ലീഗിന്റെ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വസീം പടന്നക്കാടാണ് പ്രസിഡന്റ് സ്ഥാനവും, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗത്വവും ഉൾപ്പെടെ രാജിവച്ചു. കഴിഞ്ഞ ദിവസമാണ് വസീം തന്റെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. പാർട്ടിയുടെ നിലപാടിൽ മനം മടുത്താണ് രാജിയെന്ന് വസീം പറഞ്ഞു.

നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. വി. സുജാതയ്ക്ക് വോട്ട് മാറ്റി ചെയ്ത പടന്നക്കാട്ടെ കൗൺസിലർ ഹസീന റസാഖിന്റെ രാജി വാർഡ് കമ്മിറ്റിയോട് ആലോചിക്കാതെഎഴുതി വാങ്ങിയതാണ് രാജിക്ക് പിന്നിൽ. കല്ലൂരാവിയിൽ ഔഫ് അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടി നിലപാടിനെ എതിർത്ത് വസീം ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ കുറുന്തൂർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായിരുന്നു വസീം പടന്നക്കാട് .