കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുന്നണിയിൽ കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച മുസ്ലീം ലീഗ് ജില്ലയിൽ മത്സരിക്കാൻ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചു. പാർട്ടി സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിന് ആനുപാതികമായി കണ്ണൂർ ജില്ലയിലും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. ജില്ലയിൽ മത്സരിക്കുന്നതിന് മൂന്ന് സീറ്റ് വേണമെന്നാണ് ജില്ലാ ലീഗ് നേതൃത്വത്തിന്റെ ആവശ്യം. വരും ദിവസങ്ങളിൽ സംസ്ഥാന ഭാരവാഹികൾ ജില്ലാ സന്ദർശനത്തിനായി എത്തുമ്പോൾ ഇക്കാര്യത്തിൽ അന്തിമ തീമാനം ഉണ്ടാകുമെന്നും നേതൃത്വം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടപ്പോൾ ലീഗ് നടത്തിയ മുന്നേറ്റമാണ് ജില്ലാ നേതൃത്വം നിലപാട് കടുപ്പിക്കാൻ ഇടയാക്കിയത്. 11 മണ്ഡലങ്ങളുള്ള ജില്ലയിൽ ലീഗിന് ഒരു സീറ്റ് മാത്രമാണ് ഉള്ളത്. കെ.എം.ഷാജി എം.എൽ.എയുടെ സിറ്റിംഗ് സീറ്റായ അഴീക്കോട് കൂടാതെ തളിപ്പറമ്പും കൂത്തുപറമ്പും തങ്ങൾക്ക് വേണം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. നേരത്തെ കണ്ണൂരിലും പഴയ പെരിങ്ങളത്തും (ഇപ്പോൾ കൂത്തുപറമ്പ്) അഴീക്കോടും ലീഗ് മാറി മാറി മത്സരിച്ചിരുന്നു. കണ്ണൂരിൽ ലീഗിനു ലഭിച്ചുപോന്ന സീറ്റുകളിൽ രണ്ടു തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കൾ എം.എൽ.എമാരായിട്ടുള്ളൂ. കണ്ണൂരിൽ ഇ. അഹമ്മദും പെരിങ്ങളത്ത് കെ.എം.സൂപ്പിയും. കെ.എം. ഷാജി വിവാദത്തിൽ പെട്ടതിനാലും രണ്ട് ഘട്ടം പൂർത്തീകരിച്ചതിനാലും ഷാജിക്ക് ഇക്കുറി സീറ്റ് നൽകില്ല. ജില്ലയിൽനിന്നുള്ള നേതാക്കളെ തന്നെ മത്സരത്തിന് ഇറക്കണമെന്നും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറയിച്ചുകഴിഞ്ഞു. തളിപ്പമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച കേരളാ കോൺഗ്രസ് എമ്മും, കൂത്തുപറമ്പിൽ മൽസരിച്ച എൽ.ജെ.ഡിയും ഇത്തവണ എൽ.ഡി.എഫിലായതിനാൽ ഈ സീറ്റുകൾ മുന്നണിയിൽ ഒഴിവു വരും. ഇതുകൊണ്ടുതന്നെ കോൺഗ്രസ് ലീഗിന്റെ വാദം അംഗീകരിക്കുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.