league
മുസ്ലിം ലീഗ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിക്കാൻ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം ലീഗിൽ ശക്തമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച അവസ്ഥയിൽ ന്യായമായ ആവശ്യമാണ് ചോദിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് പാർട്ടി ജില്ലാപ്രസിഡന്റ് തന്നെ വ്യക്തമാക്കിയത്.

പാർട്ടി സംസ്ഥാന നേതൃത്വം യു.ഡി.എഫിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആനുപാതികമായി കണ്ണൂർ ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് കേരളകൗമുദിയോട് പറഞ്ഞു. ജില്ലയിൽ മത്സരിക്കുന്നതിന് മൂന്ന് സീറ്റ് വേണമെന്നാണ് ജില്ലാ ലീഗ് നേതൃത്വത്തിന്റെ ആവശ്യം. വരും ദിവസങ്ങളിൽ സംസ്ഥാന ഭാരവാഹികൾ ജില്ലാ സന്ദർശനത്തിനായി എത്തുമ്പോൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നുമാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

കോൺഗ്രസിന് തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടപ്പോൾ ലീഗ് നടത്തിയ മുന്നേറ്റമാണ് ജില്ലാ നേതൃത്വം നിലപാട് കടുപ്പിക്കുന്നതിനു പിന്നിൽ. 11 മണ്ഡലങ്ങളുള്ള ജില്ലയിൽ ലീഗിന് കെ.എം.ഷാജി വിജയിച്ച അഴീക്കോടാണ് നിലവിലുള്ളത്. തളിപ്പറമ്പും കൂത്തുപറമ്പും തങ്ങൾക്ക് വേണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. നേരത്തെ കണ്ണൂരിലും പഴയ പെരിങ്ങളത്തും അഴീക്കോടും ലീഗ് മാറിമാറി മത്സരിച്ചിരുന്നു. കണ്ണൂരിൽ ലീഗിനു ലഭിച്ചുപോന്ന സീറ്റുകളിൽ രണ്ടു തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കൾ എം.എൽ.എമാരായിട്ടുള്ളൂ. കേരള കോൺഗ്രസ് മത്സരിച്ച തളിപ്പറമ്പും എൽ.ജെ.ഡി മത്സരിച്ച കൂത്തുപറമ്പിനുമായാണ് ലീഗ് നേട്ടമിട്ടിരിക്കുന്നത്. ഇരുപാർട്ടികളും ഇപ്പോൾ ഇടതുപക്ഷത്തായതിനാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ലീഗ് നേതാക്കളുടെ വിശ്വാസം.