കണ്ണൂർ: ലോക് ഡൗണിൽ താഴുവീണ നാഷണൽ ടെക്‌സ്റ്റൈൽ കോർപറേഷന്റെ സ്പിന്നിംഗ് മില്ലുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. ഇതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ കണ്ണൂർ സ്പിന്നിംഗ് മിൽ നാളെ വീണ്ടും പ്രവർത്തിച്ചു തുടങ്ങും. കണ്ണൂരിലേതടക്കം കോയമ്പത്തൂർ സോണിനു കീഴിലെ നാലു മില്ലുകളാണ് തുറക്കുന്നത്. തമിഴ്‌നാട്ടിലെ കാളീശ്വര, പയനീർ, രംഗവിലാസ് എന്നിവയാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്.
തൃശൂരിലെ കേരളലക്ഷ്മി, തിരുവനന്തപുരം വിജയമോഹിനി, മാഹി സ്‌പിന്നിംഗ് മിൽ എന്നിവ രണ്ടാംഘട്ടത്തിൽ തുറക്കും. മാർച്ച് 23നാണ് രാജ്യത്തെ 23 മില്ലുകൾ എൻ.ടി.സി അടച്ചത്. രണ്ടായിരത്തോളം തൊഴിലാളികളുള്ള മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയത്തിനടക്കം നിവേദനങ്ങൾ നൽകിയിരുന്നു. കൂടാതെ മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സമരത്തിലുമാണ്.
അതേസമയം കൊവിഡ് സാഹചര്യം മുതലെടുത്ത് മില്ലുകൾ സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ലോക് ഡൗൺ ഇളവുകളോടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ തുറന്നെങ്കിലും എൻ.ടി.സി മില്ലുകൾ തുറക്കാത്തത് റിലയൻസിനെ പോലുള്ള കമ്പനികൾക്ക് സ്ഥാപനം കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് തൊഴിലാളികൾ ആരോപിച്ചിരുന്നു. എന്നാൽ വിപണിയിലുണ്ടായ മാന്ദ്യമാണ് അടച്ചിടലിന് കാരണമായി മാനേജ്‌മെന്റ് പറഞ്ഞത്.
നൂൽവിലയും കയറി
മിൽ അടയ്ക്കുമ്പോൾ ഒരുകിലോ പോളിസ്റ്റർ നൂലിന് 149 രൂപയായിരുന്നത് ഇപ്പോൾ 235 രൂപയിലെത്തി. വിപണിയിൽ നൂലിനുള്ള ഡിമാൻഡ് വർധിച്ചു. എൻ.ടി.സി ഗോഡൗണുകളെല്ലാം കാലിയായതോടെയാണ് തുറക്കാൻ തീരുമാനിച്ചത്.
തൊഴിലാളികളെ പട്ടിണിക്കിട്ട് എൻ.ടി.സി മില്ലുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം അനുവദിക്കില്ല. ലോക് ഡൗൺ സമയത്ത് ഇതിനായി വിവിധ സ്വകാര്യ കമ്പനികളുമായി ചില രഹസ്യ ചർച്ചകളും നടന്നിരുന്നു.
- എൻ. നിവിൽ, ജോയന്റ് സെക്രട്ടറി കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ മിൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)