pvc
ഡോ. പി.ടി. രവീന്ദ്രൻ

കണ്ണൂർ: വൈസ് ചാൻസലറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പ്രൊഫ. വൈസ് ചാൻസലർ ഡോ. പി.ടി. രവീന്ദ്രൻ രാജിവച്ചതിനെ തുടർന്ന് സർവ്വകലാശാലയിൽ ശീതസമരം മുറുകുന്നു.

ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് സർവ്വകലാശാലാ അധികൃതർ വിശദീകരിക്കുന്നുവെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന ആഭ്യന്തര തർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. കാലാവധി തീരാൻ പത്ത് മാസം ബാക്കിയിരിക്കെയാണ് പി.വി.സിയുടെ രാജി.

യു.ജി.സി റഗുലേഷൻ പ്രകാരം വി.സിയും പി.വി.സിയും ഒരേ സമയത്താണ് സ്ഥാനമൊഴിയേണ്ടത്. ഇരുവർക്കും നവംബർ വരെ കാലാവധിയുണ്ട്. ഈ സർക്കാർ വന്നതിനു ശേഷം പ്രൊഫ. ഗോപിനാഥ് രവീന്ദ്രനൊപ്പം വി.സി സ്ഥാനത്തേക്ക് പി.ടി.രവീന്ദ്രനെയും പരിഗണിച്ചിരുന്നു. സർവ്വകലാശാലയുടെ മാനേജ്മെന്റ് പഠന വിഭാഗം മേധാവിയായിരിക്കെ 2018 മാർച്ച് 27നാണ് പി.ടി. രവീന്ദ്രൻ പി.വി.സിയായത്. 38 വർഷത്തെ സേവനത്തിനു ശേഷം 2019 ഏപ്രിലിലാണ് രവീന്ദ്രൻ വിരമിച്ചത്. പ്രൊഫസർഷിപ്പിൽ നിന്നു വിരമിച്ചതിനാൽ പി.വി.സി സ്ഥാനത്ത് തുടരാനാകില്ലെന്നു വി.സി നിലപാടെടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പരീക്ഷാ വിഭാഗത്തിന്റെയും ജീവനക്കാരുടെ വിഭാഗത്തിന്റെയും ചുമതലകൾ പി.വി.സിയിൽനിന്ന് എടുത്തുമാറ്റിയതും വിവാദങ്ങൾക്ക് വഴിതുറന്നു.