കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള യു.ഡി.എഫ് യോഗം ഇന്നുനടക്കും. എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദം ഡെപ്യൂട്ടി മേയർക്കാണ്.
ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ രണ്ടെണ്ണം ലീഗിനും അഞ്ചെണ്ണം കോൺഗ്രസിനും ലഭിക്കും. കഴിഞ്ഞ തവണ മുസ്ലീം ലീഗിന് അനുവദിച്ച ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം സി.പി.ഐയുടെ വെള്ളോറ രാജനാണ് ലഭിച്ചത്. മുസ്ലീം ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായത്. എന്നാൽ ഇത്തവണ ലീഗിന് അംഗങ്ങൾ കൂടിയതിനാൽ അദ്ധ്യക്ഷ പദവി സ്ഥാനം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും. ഇതിന്റെ അന്തിമതീരുമാനം ഇന്നുണ്ടാകും. കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, എം.പി രാജേഷ്, പി.വി. ജയസൂര്യൻ തുടങ്ങിയവരെ പരിഗണിക്കും.
കഴിഞ്ഞ കോർപ്പറേഷനിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. പി .ഇന്ദിരയും ഷാഹിന മൊയ്തീനും പരിഗണനാ പട്ടികയിലുണ്ട്. ലീഗിന് കിട്ടുന്ന അദ്ധ്യക്ഷസ്ഥാനങ്ങളിലേക്ക് മുസ്ലീഹ് മഠത്തിൽ, ഷമീമ, സാബിറ തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. വികസനം, പൊതുമരാമത്ത്, നഗരാസൂത്രണം, ക്ഷേമ കാര്യം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, നികുതി അപ്പീൽ തുടങ്ങിയ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരെയാണ് തിരഞ്ഞെടുക്കേണ്ടത്.