കണ്ണൂർ: കണ്ണൂർ ജില്ലാ റൂറൽ എസ്.പിയായി നവനീത് ശർമ്മ ചുമതലയേറ്റു. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ഇന്ന് ചുമതലയേൽക്കും. ക്രമസമാധാന നില തൃപ്തികരമായി നിലനിർത്തുന്നതിന് മുഖ്യ പരിഗണന നൽകുമെന്ന് ചുമതലയേറ്റ ശേഷം എസ്.പി നവനീത് ശർമ പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും 'നന്ദി ഒരുപാട് എല്ലാവരോടും' എന്ന് വയർലെസിലൂടെ അറിയിച്ചാണ് ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര സ്ഥാനമൊഴിഞ്ഞത്.
കെ.പി.എ നാലാം ബറ്റാലിയൻ മേധാവിയായാണ് യതീഷ് ചന്ദ്ര സ്ഥാനമേൽക്കുന്നത്. ഒന്ന് മുതൽ ജില്ലാ ആസ്ഥാനത്തെ പൊലീസ് സംവിധാനം വിഭജനമായെങ്കിലും റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം സജ്ജമാകാൻ സമയമെടുക്കും. മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിലാണ് റൂറൽ എസ്.പിക്ക് ആസ്ഥാനമൊരുക്കാൻ ആലോചിച്ചതെങ്കിലും സൗകര്യമില്ലാത്തതിനെ തുടർന്ന് കണ്ണൂർ നഗരത്തിൽ എ.ആർ ക്യാമ്പിനോട് ചേർന്നുള്ള പൊലീസ് ട്രെയിനിംഗ് സെന്റർ റൂറൽ എസ്.പിയുടെ ആസ്ഥാനമാക്കും. തൊട്ടടുത്ത് പഴയ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുക. സംസ്ഥാനത്തെ ആറാമത്തെ പൊലീസ് കമ്മീഷണറേറ്റാണ് കണ്ണൂരിലേത്.