മട്ടന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് 21 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ ലിന്റ ജയിംസ് മത്സരിക്കും. എം.ബി.എ വിദ്യാർത്ഥിയായ ലിന്റ ഇരിട്ടി വെളിമാനം സ്വദേശിയാണ്. ബിനോയ് കുര്യൻ തന്നെയായിരിക്കും ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.
യു.ഡി.എഫ് സ്ഥാനാർത്ഥി ജോർജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. യു.ഡി.എഫിൽ സീറ്റ് കോൺഗ്രസിന് വിട്ടുനൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും ജയസാധ്യത കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്. ലിന്റ ജയിംസിന് പുറമേ സേവ ജോർജിന്റെ പേരും പരിഗണനയിൽ ഉണ്ടായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇതിനകം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. എൻ.ഡി.എക്ക് വേണ്ടി ബി.ജെ.പി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് തന്നെ മത്സരിച്ചേക്കും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.