തലശ്ശേരി: കടൽപ്പാലത്തിനു സമീപം പൂട്ടിയിട്ട ഗോഡൗണിൽ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ഗോഡൗണിനുള്ളിൽ കൂട്ടിയിട്ട മാലിന്യത്തിനു തീപടരുകയായിരുന്നു. തലശേരിയിലെ അഗ്നിശമന സേനയാണ് തീയണച്ചത്. സമീപത്തായി നിരവധി മത്സ്യ മാംസമാർക്കറ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. അഗ്നിശമന സേനയെത്തി തീ പെട്ടെന്ന് അണച്ചത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഗോഡൗണിനുള്ളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ തള്ളുന്നതായി പരാതിയുണ്ട്. കൂടാതെ ഗോഡൗൺ പരിസരം മദ്യ, മയക്കുമരുന്നു മാഫിയകളുടെ താവളമാണെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങളായി ഗോഡൗൺ പൂട്ടിയിട്ട നിലയിലാണ്. സ്വകാര്യ വ്യക്തിയുടേതാണ് ഗോഡൗൺ.