തലശ്ശേരി: പാതിരാത്രിയിൽ അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടുപോവുകയായിരുന്ന 19 ടിപ്പർ ലോറികൾ റവന്യൂ വകുപ്പും പൊലീസും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. ചെങ്കല്ല് കൊണ്ടുപോകാൻ അനുമതിയില്ലാത്ത വാഹനങ്ങളാണ് കൊടുവള്ളിയിൽ വച്ച് പിടിച്ചെടുത്തത്.

തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാഹനങ്ങൾ റവന്യൂ വകുപ്പിന്റെ കസ്റ്റഡിയിലാണുള്ളത്. ഇതിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ജിയോളജി വകുപ്പിന്റെ നിർദ്ദേശപ്രകാരം പിഴ ഈടാക്കി അനന്തര നടപടികൾ സ്വീകരിക്കും. ധർമ്മടം പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പൊലീസും തലശ്ശേരി കൺട്രോൾ റൂം പൊലീസും സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ലോറികൾക്കായി സമ്മ‌ർദ്ദം

ടിപ്പറുകൾ ഒന്നൊന്നായി കസ്റ്റഡിയിലായതോടെ വിവരം ഡ്രൈവർമാർ തമ്മിൽ മൊബൈലിൽ അറിയിച്ച ശേഷം കൊടുവള്ളിയിൽ സംഘടിച്ചു. അനാവശ്യമായി ജോലി തടയുന്നുവെന്ന് ആരോപിച്ച് പിടിച്ചെടുത്ത ലോറികൾ വിട്ടയക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും സ്ഥലത്തുണ്ടായ സബ്ബ് കളക്ടർ അനുകുമാരി വഴങ്ങിയില്ല.