കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീലതയ്ക്ക് അഭിമാനമായി മകൾ അഭിരാമി. പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ തന്നെ ആനന്ദ കണ്ണീർ. എ.കെ.എസ്.ടി.യു വിന്റെ ആഭിമുഖ്യത്തിൽ നടന്ന അറിവുത്സവത്തിൽ ജില്ലാതല ഹയർ സെക്കൻഡറി വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് അഭിരാമിയാണ്. ഹൊസ്ദുർഗ് ഹയർ സെക്കൻഡറിയിലെ പന്ത്രണ്ടാം തരം വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. സമ്മാനം നൽകിയത് അമ്മ ശ്രീലതയും.
സി.പി.ഐ മടിക്കൈ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്. കേരള മഹിളാ സംഘം കാഞ്ഞങ്ങാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയായും കേരള മൺപാത്ര നിർമ്മാണ സമുദായ സഭ കാസർകോട് ജില്ലാ വനിതാ വേദി സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. മൺപാത്ര നിർമ്മാണ തൊഴിലാളി കൂടിയാണ് കെ.വി ശ്രീലത. 10 വർഷമായി ജി.യു.പി.എസ് ആലംപാടി പി.ടി.എ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 3709 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ശ്രീലത വിജയിച്ചത്. ഇത്തവണ കന്നി മത്സരത്തിനിറങ്ങിയാണ് ശ്രീലത തിളക്കമാർന്ന വിജയം നേടിയത്. ഭർത്താവ് പ്രവാസിയായ പി.പി കുഞ്ഞിരാമനാണ്. മകൻ ഹരിനന്ദ് ജി.എച്ച്.എസ് മടിക്കൈ സെക്കന്റിലെ എട്ടാം തരം വിദ്യാർത്ഥിയാണ്.