കണ്ണൂർ : കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്ടെത്തിയ തലശേരി സ്വദേശിയായ യുവാവ് പിടിയിൽ. ചാലിൽ , മട്ടാമ്പ്രംപള്ളി മക്കീന്റെ പുരയിൽ എം.പി. മുസ്താഖ് (21) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ 6.30 ഓടെയാണ് സംഭവം.

നഗരം വില്ലേജ് ഓഫീസിന് സമീപത്ത് ബൈക്കിലിരിക്കുകയായിരുന്ന മുസ്താഖ് ഇതുവഴി എത്തിയ പൊലീസിന്റെ ജീപ്പ് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് മുസ്താഖിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ബൈക്ക് തന്റെതല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ഇതു തിരുത്തി മറ്റൊരാളുടെ ബൈക്കാണെന്നും രേഖകൾ കൈവശമില്ലെന്നും പറഞ്ഞു.

മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് ടൗൺ പൊലീസ് മുസ്താഖിനെ സ്‌റ്റേഷനിലെത്തിച്ചു. അതിനിടെ എസ്‌ഐ ബിജിത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. കണ്ണൂർ ടൗൺ പൊലീസുമായി ബന്ധപ്പെട്ടതോടെ മുസ്താഖ് ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി. തുടർന്ന് മുസ്താഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ 29 ന് കണ്ണൂർ റെയിൽവേസ്‌റ്റേഷനിൽ നിർത്തിയിട്ട ബൈക്കാണിത്. 31 ന് ബൈക്കെടുക്കാനെത്തിയപ്പോൾ കണാത്തിതിനെ തുടർന്ന് ഉടമ കണ്ണൂർ ടൗൺ സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

എസ്‌.ഐമാരായ കെ.ടി. ബിജിത്ത്, സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.സി. ഷാജി, സന്തോഷ്, ജിതേന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.