silk
അഴീക്കലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുതുടങ്ങുന്നു

പൊളിക്കുന്നത് തുറമുഖം, കോസ്‌റ്റ്‌ ഗാർഡ്‌, മലിനീകരണ വിഭാഗം, കസ്‌റ്റംസ്‌, അനുമതിയോടെ

അഴീക്കൽ:ഒന്നരവർഷംമുമ്പ്‌ മണൽതിട്ടയിൽ ഇടിച്ചുകയറിനിന്ന അഴീക്കലിൽ ലൈറ്റ്‌ ഹൗസിനടുത്തുള്ള കപ്പൽ പൊളിക്കാൻ തുടങ്ങി. മാലിയിൽനിന്ന്‌ കപ്പൽ പൊളിശാലയിൽ‌ എത്തിച്ച ഓഷ്യാനോ റോവറാണ് അഴീക്കൽ‌ സിൽക്ക്‌ പൊളിക്കുന്നത്‌. തുറമുഖം, കോസ്‌റ്റ്‌ ഗാർഡ്‌, മലിനീകരണ വിഭാഗം, കസ്‌റ്റംസ്‌, അഴീക്കോട്‌ പഞ്ചായത്ത്‌ എന്നിവയുടെ അനുമതിയോടെയാണ്‌ നടപടി‌.

മാലിയിൽനിന്ന്‌ സിൽക്കിലേക്ക്‌ പൊളിക്കാൻ കൊണ്ടുവന്ന രണ്ടു കപ്പലാണ്‌ കണ്ണൂരിന്റെ തീരത്ത്‌ മണൽതിട്ടയിൽ കുരുങ്ങിക്കിടക്കുന്നത്‌. ഒയിവാലി കപ്പൽ 2019 ആഗസ്റ്റ് എട്ടിന്‌ ധർമടത്തും ഓഷ്യാനോ റോവർ ആഗസ്‌റ്റ് പത്തിന്‌ അഴീക്കലിൽ ലൈറ്റ്‌ ഹൗസിനടുത്തും തീരത്തേക്ക്‌ എത്തി‌. സിൽക്കിലേക്ക്‌ മാറ്റാൻ സാധിക്കാതായതോടെയാണ്‌ അവിടെത്തന്നെ കപ്പൽ പൊളിക്കാൻ തീരുമാനിച്ചത്‌.

പൊളിച്ച കപ്പലിന്റെ ഭാഗങ്ങൾ തീരത്ത്‌ നിർമിച്ച താൽക്കാലിക റോഡിലൂടെ ലോറിയിൽ സിൽക്ക്‌ യാർഡിൽ എത്തിക്കും. തുടർന്ന്‌ ധർമടത്ത്‌ കടൽതീരത്തുള്ള ഓയിവാലി കപ്പലും പൊളിക്കാനുള്ള അനുമതി തേടും.