accident

കാ‌ഞ്ഞങ്ങാട്: പാണത്തൂർ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തുപേരുടെ നില ഗുരുതരമാണ്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്നു പുരുഷന്മാരുമാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

കർണാടകയിലെ സുള്‌ള്യയിൽ നിന്നു പാണത്തൂർ വഴി കർണാടക കരിക്കെ ചെത്തുകയയിലേക്ക് പോവുകയായിരുന്ന ബസ് പരിയാരത്തെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്തുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിൽ ആളുണ്ടായിരുന്നില്ല.അപകടത്തിൽ സുള്ള്യ സ്വദേശി രവിചന്ദ്ര (40 ), ഭാര്യ ജയലക്ഷ്മി ( 39),​ ​പുത്തൂർ സ്വദേശി സുമതി (50),​ വൾനാട് സ്വദേശി രാജേഷ് (46) മകൻ ആദർശ് (14) അർധമൂലയിലെ നാരായണനായ്ക്കിന്റെ മകൻ ശ്രേയസ് (13), ബണ്ട്വാളിലെ ശശിധര പൂജാരി (43) എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം മംഗളൂരുവിലെ ആശുപത്രിയിലും മറ്റ് ആറു മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

കരിക്കെ ചെത്തുകയം സ്വദേശിയായ പ്രശാന്തും പുത്തൂർ ഈശ്വരമംഗലം സ്വദേശി അരുണയും തമ്മിലുള്ള വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു അപകടത്തിൽ പെട്ടവർ. വധുവും അടുത്ത ബന്ധുക്കളും കാറിൽ നേരത്തെ എത്തി വിവാഹചടങ്ങ് പൂർത്തിയാക്കിയിരുന്നു. 56 പേരെ ഉൾക്കൊള്ളാനാവുന്ന ബസിൽ 70 പേരെങ്കിലും ഉണ്ടായിരുന്നിരിക്കാമെന്ന് സംഭവസ്ഥലം സന്ദർശിച്ച കാസർകോട് ജില്ലാ കളക്ടർ ഡി. സജിത് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.