malinyam

കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന കുടുംബശ്രീ ശുചീകരണ തൊഴിലാളികൾ ശമ്പളമില്ലാതെ ദുരിതത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവരുടെ ശമ്പളം നിരന്തരം മുടങ്ങുകയാണ്. എല്ലാ മാസവും ശമ്പള ബിൽ തയ്യാറാക്കി ഡി.ടി.പി.സി ഓഫീസിൽ നൽകുന്നുണ്ടെങ്കിലും ശമ്പളം ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു..

ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ബീച്ച്, പാർക്ക്, ടൗൺസ്‌ക്വയർ, ഗസ്റ്റ്ഹൗസ് പരിസരം, കക്കാട് സ്വാമി മഠത്തിന് സമീപത്തെ പാർക്ക് എന്നിവിടങ്ങളിൽ പത്തോളം കുടുംബശ്രീ ശുചീകരണ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവർക്ക് കൊവിഡ് കാലത്തിന് മുമ്പും രണ്ടും മൂന്നും മാസം കഴിഞ്ഞാണ് ശമ്പളം ലഭിക്കാറുള്ളുവെന്നും തൊഴിലാളികൾ പറയുന്നു. രാവിലെ എട്ട് മുതൽ വൈകുന്നേരം വരെയാണ് ഇവരുടെ ജോലി സമയം. 350 രൂപ നിരക്കിലാണ് ഒരു തൊഴിലാളികൾക്ക് നൽകുന്ന ദിവസ വേതനം. കൊവിഡ് കാലത്ത് ടൂറിസറ്റ് കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നെങ്കിലും ഇവർ ശുചീകരണ ജോലികൾ തുടർന്നിരുന്നു. പയ്യാമ്പലത്ത് മഴക്കാലത്ത് അടിഞ്ഞു കൂടിയ മരകഷ്ണങ്ങൾ ദിവസങ്ങൾ പാടുപെട്ടാണ് ഇവർ വൃത്തിയാക്കിയത്. അതൊന്നും പരിഗണിക്കാതെയാണ് അധികൃതരുടെ അലംഭാവം.

മുഖംതിരിച്ച് അധികൃതർ

ജനങ്ങൾ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന കൊവിഡ് കാലത്ത് ശമ്പളം മുടങ്ങിയതോടെ ഇവരുടെ കുടംബങ്ങളും പട്ടിണിയാണ്. പലരും മറ്റുള്ളവരിൽ നിന്നും പണം കടംവാങ്ങിയാണ് കുടുംബം പോറ്റുന്നത്. എത്രകാലമാണ് ഇത്തരത്തിൽ പണം കടംവാങ്ങുകയെന്നാണ് കുടുംബശ്രി അംഗങ്ങൾ ചോദിക്കുന്നത്. ശമ്പളം മുടങ്ങിയ വിവരം കുടുംബശ്രി അധികാരികളെയും ഡി.ടി.പി.സി അധികൃതരെയും അറിയിച്ചുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഡി.ടി.പി.സി ചെയർമാൻ കൂടിയായ കളക്ടർ ഒപ്പിടാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് ഇവർ പറയുന്നത്