കാഞ്ഞങ്ങാട്: പാണത്തൂർ പരിയാരത്ത് ഏഴ് പേരുടെ മരണത്തിനിടയാക്കിയ ദാരുണ അപകടം നടന്നത് കേരളത്തിലാണെങ്കിലും വരന്റെയും വധുവിന്റെയും വീടുകളും വിവാഹ വേദിയും കർണാടകത്തിലായിരുന്നു. പുത്തൂർ ഈശ്വരമംഗലത്തെ അരുണയും കരിക്കെ ചെത്തുകയത്തെ പ്രശാന്തും തമ്മിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് രണ്ട് സംസ്ഥാനങ്ങളെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ കലാശിച്ചത്.
പ്രശാന്തിന്റെ നാടായ ചെത്തുകയത്തായിരുന്നു വിവാഹവേദി. അടുത്ത ബന്ധുക്കളും വധുവും നേരത്തെ കാറിലെത്തി പതിനൊന്നരയോടെ വിവാഹചടങ്ങ് പൂർത്തിയാക്കിയിരുന്നു.തൊട്ടുപിന്നാലെയുള്ള സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപെട്ടത്. നവദമ്പതികളും സംഘവും ഇവരെയും കാത്ത് വേദിയിലിൽ നിൽക്കുന്നതിനിടയിലാണ് ദാരുണമായ വാർത്ത എത്തിയത്.
ഈശ്വരമംഗലത്തെയും കരിക്കേയും ബന്ധിപ്പിക്കുന്ന ഏക റോഡ് കടന്നുപോകുന്നത് കേരളത്തിലൂടെയാണ്. ഈശ്വരമംഗലത്ത് നിന്ന് പരിയാരത്തെത്തിയ വധുവിന്റെ സംഘം പാണത്തൂർ ചെക്ക്പോസ്റ്റ് കടന്ന് ചെത്തുകയത്തേക്ക് പോകേണ്ടതായിരുന്നു. എന്നാൽ ചെക്ക്പോസ്റ്റ് എത്തുന്നതിന് മുൻപ് പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിൽ ബസ് അപകടത്തിൽ പെടുകയായിരുന്നു.
.
അടുത്ത് ആശുപത്രിയില്ലാത്തത് മരണസംഖ്യ ഉയർത്തി
കാഞ്ഞങ്ങാട്: വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകാൻ സാധിച്ചിരുന്നില്ലെന്ന് വിലയിരുത്തൽ. അപകടം നടന്നസ്ഥലത്തുനിന്ന് ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് 45 കിലോമീറ്ററോളം സഞ്ചരിച്ചാണ് ആശുപത്രിയിൽ എത്തിയത്.
പാണത്തൂരിൽ പ്രാഥമികാരോഗ്യ കേന്ദ്രവും പൂടംകല്ലിൽ താലൂക്ക് ആശുപത്രിയും പ്രവർത്തിക്കുന്നുണ്ടെങ്കിലും അത്യാഹിത സംഭവങ്ങൾ വന്നാൽ നേരിടാനുള്ള സംവിധാനമില്ല. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. യാത്രക്കാരുടെ ബാഹുല്യം മൂലം പരിയാരത്തെ കുത്തനെയുള്ള ഇറക്കത്തിൽ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ബസിന് അമിത വേഗതയുണ്ടായിരുന്നുവെന്ന് ജില്ലാ ആശുപത്രിയിൽ കഴിയുന്ന കാവ്യയും സഹോദരൻ ദീപകും കേരള കൗമുദിയോട് പറഞ്ഞു.