പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി പ്രവർത്തികളുടെ അവലോകന യോഗം നടന്നു. സി. കൃഷ്ണൻ എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ കെ.വി.ലളിത, ആരോഗ്യ വകുപ്പിനെ പ്രതിനിധീകരിച്ച് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി അഡ്വ. പി.സന്തോഷ്, കരാർ ഏജൻസിയായ ക്രസന്റ് കൺസൾട്ടൻസി, ആശുപത്രി അധികൃതർ എന്നിവർ പങ്കെടുത്തു. ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
കൊവിഡ് വരുത്തിവെച്ച പ്രതിസന്ധിയിൽ മാസങ്ങളോളം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനായില്ലെന്ന് കരാറുകാർ വിശദീകരിച്ചു. കാലാവധി നീട്ടി നൽകണമെന്ന ആവശ്യവും അവരിൽനിന്നുണ്ടായി. എന്നാൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും അതിനാൽ കാലാവധി നീട്ടിനൽകാനാവില്ല എന്ന നിലപാടാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെയാണ് നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചത്.കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തികളും കെട്ടിടത്തിന്റെ പൈലിംഗ് പ്രവർത്തികളുംപൂർത്തീകരിച്ച് അടുത്ത ഘട്ടത്തിലുള്ള നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മുപ്പത് വർഷത്തെ വികസന സാധ്യത മുന്നിൽ കണ്ട് ഹൈറ്റ്സ് ഏജൻസി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്.