മാഹി: പരിമഠത്തെ ദാറുസ്സലാം ഹൗസിൽ ഇ.കെ.അസ്മാ ഖാലിദ് 72ാം വയസിൽ ഏകാന്തതയ്ക്ക് സ്വന്തം നിലയിൽ ഒരു മരുന്ന് കണ്ടുപിടിച്ചു. മൂന്നുമക്കളും അരികിലില്ലാത്ത അസ്മയ്ക്ക് വീട്ടിലും പരിസരത്തുമുള്ള പാഴ് വസ്തുക്കൾ വർണശില്പങ്ങളായി മാറ്റാനിപ്പോൾ നിമിഷങ്ങൾ മതി. പരിമഠം ദേശീയ പാതയോരത്തെ ഈ വീട് കണ്ണിനിമ്പമുള്ള കലാവീടായി മാറിയിരിക്കുകയാണിപ്പോൾ.
മക്കളിൽ രണ്ട് പേർ ഗൾഫിലും, ഒരാൾ മാഹിയിലുമാണ് താമസം. പതിവ് ഏകാന്തതയ്ക്ക് പുറമെ കൊവിഡ് കൂടി വന്നതോടെ അസ്മ പാഴ് വസ്തുക്കളിൽ പരീക്ഷണം നടത്തുകയായിരുന്നു . ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് തുണിയിൽ നൂല് കൊണ്ട് ചിത്ര പണികൾ ചെയ്യാനും പരവതാനികൾ നിർമ്മിക്കാനുമൊക്കെ കുറച്ച് പഠിപ്പിച്ചിരുന്നു. കൈകൾക്ക് ചെറിയ വിറയലും കാഴ്ചക്കുറവുമെല്ലാമുണ്ടെങ്കിലും അസ്മ എല്ലാറ്റിനെയും അതിജീവിച്ച് നല്ലൊരു കലാകാരിയായി ഏകാന്തതയെ അകറ്റുകയാണിപ്പോൾ.
ഈ വീട്ടിൽ നോക്കുന്നിടത്തെല്ലാം വർണകാഴ്ചകളാമിപ്പോൾ. തുണിയിൽ ചെയ്ത വർണ്ണചിത്രങ്ങൾ, പരവതാനികൾ, പലതരം വിളക്കുകൾ , മത്സ്യങ്ങൾ, ആമകൾ, കുരങ്ങ്, അണ്ണാൻ, മുള്ളൻപന്നി, പലതരം പറവകൾ, പൂമ്പാറ്റകൾ, ഗൃഹാലങ്കാര വസ്തുക്കൾ, ദേശാടനക്കിളികൾ ചേക്കേറിയ വൻമരം, പലതരം കുപ്പികൾ കൊണ്ട് നിർമ്മിച്ച കൗതുകവസ്തുക്കൾ, തുടങ്ങി ഇരുന്നൂറിലേറെ കമനീയ വസ്തുക്കളാണ് ഇവർ ഒരുക്കിയിരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കും വനിതാസമാജങ്ങൾക്കുമെല്ലാം കലാപഠനത്തിന് ഇവർ അവസരമുണ്ടാക്കുന്നുണ്ട്. കരകൗശല രംഗത്തെ മികവ് പരിഗണിച്ച് പുതുച്ചേരി നെഹ്രു യുവകേന്ദ്ര അസ്മയെ അവാർഡ് നൽകി ആദരിച്ചിരുന്നു.