കേളകം: ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പ് വെറുമൊരു പച്ചക്കറികടയല്ല കേളകത്തുകാർക്ക്. കീടനാശിനിയെ പടിയടച്ച് പുറത്താക്കിയ അറുപതോളം കർഷകർ അടങ്ങിയ പച്ചക്കറി ക്ളസ്റ്ററിന്റെ ഉത്പന്നങ്ങൾ നിത്യേനയെത്തുമ്പോൾ അന്യസംസ്ഥാന പച്ചക്കറിയോട് സലാം ചൊല്ലിയിരിക്കുന്നു ഈ നാട്.
ക്ലസ്റ്ററിന്റെ നിർദ്ദേശമനുസരിച്ച് വിവിധ വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ വിഷ രഹിത ഉല്പന്നങ്ങളാണ് ഇക്കോ ഷോപ്പിൽ വില്പനയ്‌ക്കെത്തുന്നത്. പച്ചക്കറി ക്ലസ്റ്ററിൽ അംഗങ്ങളായ അഞ്ചുവീതം പുരുഷന്മാരും വനിതകളുമാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. പേരാവൂർ ബ്ലോക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹരിതം ഗ്രൂപ്പിനാണ് പ്രവർത്തന ചുമതല. സോണി മലമേൽ പുത്തൻപുര, ശ്രീഷ കൊട്ടിയൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഷോപ്പിലേക്കാവശ്യമായ ഉത്പന്നങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നത്.
പേരാവൂർ ബ്ലോക്കിൽപെട്ട കൊട്ടിയൂർ, കേളകം,കണിച്ചാർ, ആറ്റാഞ്ചേരി, മാലൂർ തുടങ്ങിയ 14 ക്ലസ്റ്ററുകളിലെ ഉത്പന്നങ്ങൾ ഇവിടെ വില്പനയ്‌ക്കെത്തിക്കുന്നുണ്ട്.കൂടാതെ കൃഷി വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലെ കർഷകർ ഉല്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും, മറയൂർ ശർക്കരയും ഇവിടെ ലഭ്യമാണ്.
ഗുണമേന്മയുള്ള പച്ചക്കറികൾ വിപണിവിലയ്ക്കു തന്നെ ഇവിടെ കിട്ടും. കർഷകർക്ക് ന്യായമായ വിലയും ലഭിക്കും. പച്ചനേന്ത്രക്കായക്ക് 33 രൂപ കർഷകർക്ക് നൽകി തോട്ടത്തിൽ നിന്നുമാണ് സംഭരിക്കുന്നത്. ഇത് പഴമാക്കി 42 രൂപയ്ക്ക് വിൽക്കുമ്പോഴും ആവശ്യക്കാർ ഏറെയാണ്. പച്ചക്കറി ക്ലസ്റ്ററിലുള്ളവരുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി ഓണക്കാലത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കേളകത്ത് നടത്തിയ പച്ചക്കറി വില്പന വിജയിച്ചതാണ് ഇക്കോ ഷോപ്പ് തുടങ്ങാൻ പ്രചോദനമായതെന്ന് ഇവർ പറയുന്നു.ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പച്ചക്കറി വാങ്ങാനായി എത്തുന്നുവെന്നത് ഇക്കോ ഷോപ്പിനുള്ള അംഗീകാരമാണെന്ന് ജീവനക്കാരി നിഷ സോണി പറഞ്ഞു.
സഹായവുമായി കേളകം പഞ്ചായത്ത്
ബസ് സ്റ്റാൻഡിൽ കേളകം പഞ്ചായത്താണ് ഇക്കോ ഷോപ്പിന് വേണ്ട സ്ഥലവും സൗകര്യങ്ങളും ഒരുക്കിയത്.
വിഷരഹിത ജൈവ പച്ചക്കറി ഉത്പാദനത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ച തുകയിൽ നിന്നും 80,000 രൂപ ചെലവഴിച്ചാണ് ഷോപ്പ് ഒരുക്കിയത് മെച്ചപ്പെടുത്തുന്നതോടൊപ്പം കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആഴ്ച ചന്തകൾ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് പറഞ്ഞു.
കേളകം, കൊട്ടിയൂർ ,കണിച്ചാർ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് വിഷരഹിത പച്ചക്കറികൾ നൽകാൻ കഴിയുന്നതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും. ഒപ്പം കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്ന ഒരു വിപണിയും-രാജേഷ് കൊട്ടിയൂർ,വൈസ് പ്രസിഡന്റ്,ബ്ലോക്ക് തല പച്ചക്കറി സമിതി, പേരാവൂർ