കണ്ണൂർ: കോർപ്പറേഷനിൽ മേയർ സ്ഥാനം രണ്ടര വർഷമായി പങ്കിടാനും മൂന്ന് സ്ഥിരം സമിതിക്കുമുള്ള ലീഗിന്റെ അവകാശവാദം കോൺഗ്രസ് നിരസിച്ചതോടെ യു.ഡി.എഫ് നേതൃയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഡപ്യൂട്ടി മേയർ ഉൾപ്പടെ നാല് അദ്ധ്യക്ഷ പദവി വേണമെന്ന ലീഗിന്റെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. മൂന്ന് സ്ഥാനങ്ങൾ നൽകാമെന്നു കോൺഗ്രസ് ഉറപ്പു നൽകി. രണ്ടു ദിവസത്തിനകം കാര്യങ്ങൾ തീരുമാനമാകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഇന്നലെ ചേർന്ന നേതൃയോഗത്തിലാണ് കോൺഗ്രസ്-ലീഗ് പ്രതിനിധികൾ നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച വഴിമുട്ടിയത്.
രണ്ടരവർഷം മേയർ സ്ഥാനം വേണമെന്ന ലീഗിന്റെ ആവശ്യവും കോൺഗ്രസ് അംഗീകരിച്ചില്ല. എന്നാൽ മൂന്നുവർഷം തങ്ങൾക്ക് വേണമെന്നതാണ് കോൺഗ്രസ് കടുംപിടിത്തം. ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡെപ്യൂട്ടി മേയറാണ്. ഇതിനുപുറമെ ക്ഷേമകാര്യം, നഗരാസൂത്രണം, ആരോഗ്യം എന്നിവയാണ് ലീഗ് ആവശ്യപ്പെട്ടത്. ആരോഗ്യം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നതോടെ ചർച്ചകൾ വഴിമുട്ടി. രണ്ടര വർഷത്തിനു ശേഷം മേയർ സ്ഥാനം പങ്കിടണമെന്നതിൽ ഉറപ്പു ലഭിക്കാത്തതിനാൽ സ്ഥിരം സമിതി അദ്ധ്യക്ഷരുടെ കാര്യത്തിലും പിന്നോട്ടുപോകില്ലെന്നാണ് ലീഗ് നിലപാട്. യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം മുതൽ തുടങ്ങിയ തർക്കമാണ് തിരഞ്ഞെടുപ്പിനു ശേഷവും പുകയുന്നത്.
സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തത് സംബന്ധിച്ച് ലീഗുമായുണ്ടായ തർക്കം വിമത സ്ഥാനാർഥിയെ നിർത്തുന്നതിലടക്കമെത്തി. നേതൃത്വം ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചതോടെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കുന്നതിലായി തർക്കം. രണ്ടുപേരെ തഴഞ്ഞ് കെ. ഷബീനയെ ഡെപ്യൂട്ടി മേയറാക്കിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾഖാദർ മൗലവി ഉൾപ്പടെയുള്ള നേതാക്കളുടെ വാഹനങ്ങൾ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് സംസ്ഥാന നേതൃത്വം കണ്ണൂർ ലീഗിലെ പ്രശ്നങ്ങളെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
കഴിഞ്ഞ കോർപ്പറേഷനിൽ ലീഗിന് ഒരുസ്ഥിരം സമിതിയാണ് ഉണ്ടായിരുന്നത്. നഗരാസൂത്രണം മാത്രം. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോറ്റു.
നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്ന സി. സീനത്ത് മേയറായതോടെ അതും കോൺഗ്രസിനായി. ഇക്കുറിയും ഇത് രണ്ടും മാത്രമേ നൽകാനാവൂവെന്നാണ് കോൺഗ്രസ് നിലപാട്. കഴിഞ്ഞ തവണത്തേതിനേക്കാൾ നാല് സീറ്റ് കൂടുതലുള്ളതിനാൽ അർഹിക്കുന്ന പരിഗണന വേണമെന്നാണ് ലീഗ് ആവശ്യം.