azheekod
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ പകർപ്പ്

കണ്ണൂർ: അഴീക്കൽ വീണ്ടും ജനകീയ സമരച്ചൂടിലേക്ക്. ജനകീയ പ്രതിഷേധത്തെ വെല്ലുവിളിച്ച് കപ്പൽ പൊളി വീണ്ടും ആരംഭിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കോടതി ഉത്തരവും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവും കാറ്റിൽ പറത്തിയാണ് നടപടിയെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ കാലവർഷത്തിൽ പൊളിക്കാനായി അഴീക്കലിലെത്തിക്കുന്നതിനിടെ ലൈറ്റ് ഹൗസിനടുത്ത് മണൽ തിട്ടയിൽ കുടുങ്ങിയ കപ്പലാണ് കഴിഞ്ഞ ദിവസം മുതൽ പൊളിക്കാൻ തുടങ്ങിയത്.

തുറമുഖം, കോസ്റ്റ്ഗാർഡ്, മലിനീകരണ വിഭാഗം, കസ്റ്റംസ്, അഴീക്കൽ പഞ്ചായത്ത് എന്നിവയുടെ അനുമതിയോടെയാണ് കപ്പൽ പൊളിക്കുന്നതത്രെ. എന്നാൽ ഈ ഏജൻസികൾക്കൊന്നും കപ്പൽ പൊളിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കപ്പൽ പൊളിക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ട്. രാജ്യത്ത് എവിടെ എങ്കിലും കപ്പൽ പൊളിക്കണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുഖേനയാണ് നടപടി തുടങ്ങേണ്ടത്. പരിസ്ഥിതി പഠനം, പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി, കാലാവസ്ഥ, പരമ്പരാഗതമായി രോഗങ്ങൾ ഉണ്ടാകുന്ന പ്രദേശമാണോ തുടങ്ങി നൂറോളം വിഷയങ്ങൾ പഠനവിധേയമാക്കി മാത്രമേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കപ്പൽ പൊളിക്കാനുള്ള അപേക്ഷ പരിഗണക്കുകപോലുമുള്ളു.

എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്) ഇതൊന്നും പാലിക്കാതെ, രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ചും വ്യാജരേഖകൾ ചമച്ചുമാണ് പൊളിക്കൽ നടത്തുന്നതെന്നാണ് ആക്ഷേപം. 2014ൽ കണ്ണൂർ മുൻസിഫ് കോടതി ഉത്തരവിലൂടെ പൊളിക്കൽ പണികൾ തടഞ്ഞിരുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റൊരു ആവശ്യത്തിന് പഞ്ചായത്ത് നൽകിയ സർട്ടിഫിക്കറ്റ് കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻപോലും സിൽക് ശ്രമം നടത്തിയിരുന്നു.

നാടിനെ രോഗിയാക്കി

വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കപ്പൽപൊളിയുടെ ഭാഗമായുള്ള ദുരന്തം നാട്ടുകാർ അനുഭവിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ശ്വാസ തടസം, ചൊറിച്ചിൽ, കണ്ണിന് നീറ്റൽ, ഉദര രോഗങ്ങൾ, ചുമ തുടങ്ങിയവ പിടിപെട്ട് ചികിത്സയിലുള്ളവർ പ്രദേശത്ത് നിരവധിയാണെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. അടുത്തിടെ കാൻസർ പിടിപെട്ട് അഞ്ച് പേരാണ് മരണത്തിന് കീഴടങ്ങിയത്.

ഒരു പ്രദേശത്തെ കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് തള്ളിവിടുന്ന അഴീക്കലിലെ കപ്പൽപൊളി എന്തുവിലകൊടുത്തും ചെറുക്കും. ജനകീയ ചെറുത്തു നിൽപ്പിന്റെ ഭാഗമായി നിർത്തിവച്ച പൊളിക്കൽ പ്രവൃത്തിയാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.

മനോഹരൻ, കപ്പൽപൊളി വിരുദ്ധ സമിതി