കണ്ണൂർ: കണ്ണൂരിലേക്ക് വരാൻ ആളുകൾ ഭയക്കുകയാണ്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിൽ ഉദ്ദേശിക്കുന്ന സമയത്ത് എത്താൻ കഴിയില്ല. പ്രത്യേകിച്ച് രോഗികൾക്കും മറ്റും. കണ്ണൂരിലെ ആശുപത്രിയിലേക്ക് ദിനംപ്രതി നൂറുകണക്കിന് രോഗികൾ കാസർകോട് ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ സ്ഥിതി.
കഴിഞ്ഞ ദിവസം രാവിലെ ഒന്നര മണിക്കൂറിലേറെ സമയമാണ് വാഹനങ്ങൾ ഇവിടെ കുരുങ്ങിക്കിടന്നത്. ആശുപത്രിയിലേക്കേടക്കം പോകാൻ ഇറങ്ങിയവർക്ക് ഡോക്ടറെ കാണാൻ സാധിക്കാത്ത അവസ്ഥ പോലും ഇതുമൂലമുണ്ടാകുന്നുണ്ട്. ഓഫീസുകളിൽ എത്തേണ്ടവരുടെ സ്ഥിതിയും ഭിന്നമല്ല.
ആവശ്യത്തിന് ഭൂമി ലഭിക്കാത്തതാണ് വളപട്ടണത്തെ കുരുക്കഴിക്കാൻ സാധിക്കാത്തതിന് പിന്നിലെന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം പറയുന്നത് . എന്നാൽ റോഡ് വിഭാഗം എൻജിനിയർമാർ കുരുക്ക് ഒഴിവാക്കാൻ ഇതേവരെ ഒരുനടപടിയും എടുത്തിട്ടില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ വാദം. കുഴി അടച്ചാലും ടാർചെയ്ത് മിനുക്കിയാലും കുരുക്ക് ഒഴിയുമെന്ന ധാരണയാണ് റോഡ്സ് വിഭാഗം എൻജിനിയർമാർക്ക്.ഭൂമി ലഭ്യമായാൽ പാപ്പിനിശ്ശേരിയിൽ കെ.എസ്.ടി.പി റോഡ് ദേശീയപാതയോട് ചേരുന്നിടത്ത് സിഗ്നലോ, ട്രാഫിക് സർക്കിളോ പണിയുമെന്നാണ് ഇവരുടെ വിശദീകരണം.
പൊലീസ് ആഞ്ഞുപിടിച്ചിട്ടും..
വളപട്ടണം സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കുരുക്കൊഴിവാക്കാൻ പാടുപെടുന്നുണ്ട് . പക്ഷെ ദിനംതോറുമുള്ള വാഹനപെരുപ്പം പൊലീസിന്റെ ശ്രമങ്ങളെ നിഷ്പ്രഭമാക്കുകയാണ്.കുരുക്ക് രൂക്ഷമാകുമ്പോൾ അത്യാഹിതക്കേസുകളുമായി പോകുന്ന ആംബുലൻസുകൾ പോലും വഴിയിൽ കുടുങ്ങുകയാണ്