കണ്ണൂർ: കണ്ണൂർ മാർക്കറ്റിൽ ഏതു സമയത്തും അപകടം പ്രതീക്ഷിക്കുകയാണ് വ്യാപാരികളും ഇവിടെയെത്തുന്നവരും. അത്രകണ്ട് ഭീതിജനകമായ നിലയിലാണ് വൈദ്യുതി ബോർഡ് ഇവിടെ സ്ഥാപിച്ച രണ്ട് വൈദ്യുതി തൂണുകളും, അതിനു മുകളിലെ അനുബന്ധ സംവിധാനങ്ങളും.
മാർക്കറ്റിൽ ന്യൂ സ്റ്റോറിന് സമീപത്ത് പെയിന്റ്, ഹാർഡ്ബോർഡ്, അനുബന്ധ സാധനങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന കട പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് അത്യന്തം അപകടകരമായ വൈദ്യുതി തൂണുകളുള്ളത്. ഹൈടെൻഷൻ ലൈൻ, ത്രീ ഫെയ്സ് ലൈൻ, കേബിൾ, നിരവധി സ്ഥാപനങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കുന്ന സർവ്വീസ് വയറുകൾ, സെക്ഷൻ ഫ്യൂസുകൾ എന്നിവയെല്ലാം കുന്നുകൂടിയ നിലയിലാണ് തൂണുള്ളത്. എപ്പോൾ വേണമെങ്കിലും തൂണിൽ തീപൊരി ഉണ്ടാകാമെന്നാണ് പറയുന്നത്.
തൂണിൽ കയറി അറ്റകുറ്റ പണികൾപോലും നടത്താൻ കഴിയാത്തത്ര കാക്കകൂടുപോലെയാണ് തൂണിന്റെ മുകളിൽ കാണുന്ന കാഴ്ചകൾ. അപകടത്തിനും ദുരന്തത്തിനും കാത്തുനിൽക്കാതെ എന്തെങ്കിലും ചെയ്യണമെന്നാണ് പരിസരത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നത്.