തൃക്കരിപ്പൂർ: മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ, പുറമ്പോക്കിലെ പ്ളാസ്റ്റിക് ഷീറ്റിനുള്ളിൽ കഴിഞ്ഞു എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച തെക്കേ തൃക്കരിപ്പൂരിലെ ശരണ്യക്കും നിർദ്ധന കുടുംബത്തിനും നാട്ടുകൂട്ടായ്മയിൽ വീടൊരുങ്ങുന്നു. സൗത്ത് തൃക്കരിപ്പൂർ വില്ലേജിൽ ഉളിയം വാർഡിൽ തലിച്ചാലത്ത് ചതുപ്പു നിലത്ത് ചെറ്റക്കുടിലിൽ താമസിച്ച അനിതയ്ക്കും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ടി.സി.എൻ വാട്സ് ആപ്പ് കൂട്ടായ്മയുടെ സഹായത്താൽ വീടൊരുങ്ങുന്നത്.

സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ ഭൂമിയിലാണ് വീട് പണിയുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടന്നുറങ്ങാൻ ഒരു സുരക്ഷിതമായ വീടോ ഇല്ലാത്ത ഈ കുടുംബത്തിന്റെ സ്ഥിതി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത കഷ്ടപ്പാടുകൾക്കിടയിലും മകൾ ശരണ്യ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയതോടെയാണ് വാട്ട്‌സ് ആപ്പ് കൂട്ടായ്മ സ്വരൂപിച്ച പണം കൊണ്ട് സ്‌നേഹ വീടിന്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമിട്ടത്.

വീടിന്റെ നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികളിൽ ഭൂരിഭാഗവും എത്തിച്ച് നൽകുന്നത് കൂട്ടായ്മ പ്രവർത്തകരാണ്. ഇത്തരത്തിൽ സുമനസ്സുകൾ കനിഞ്ഞാൽ മാർച്ചോടെ വീട് പൂർത്തിയാക്കി നല്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൂട്ടായ്മ. ഡോ. സി.കെ.പി കുഞ്ഞബ്ദുള്ള ചെയർമാനും, ടി.വി. വിനോദ്കുമാർ, പി.വി. അനിത എന്നിവർ കൺവീനറും, കെ.സഹജൻ ട്രഷററുമായ കമ്മിറ്റിയാണ് നിർമ്മാണ പ്രവൃത്തിക്ക് നേതൃത്വം നല്‍കുന്നത്.