കണ്ണൂർ: എൻ.സി.പി മുന്നണിമാറ്റ വിവാദം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻ.സി.പി നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇടതുമുന്നണി ശക്തിപ്പെടുന്നത് സഹിക്കാത്തവരാണ് മുന്നണി മാറ്റമെന്ന വാർത്തകൾ ഉണ്ടാക്കുന്നത്. ഇടതുമുന്നണിയിലും പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. തിളക്കമാർന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത്. അത് യു.ഡി.എഫിൽ കലഹങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സമാനമായ പ്രശ്‌നങ്ങൾ എൽ.ഡി.എഫിലും ഉണ്ടെന്ന് വരുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യു.ഡി.എഫിലേക്ക് എൻ.സി.പി പോയാൽ എ.കെ. ശശീന്ദ്രൻ വിഭാഗം കോൺഗ്രസ് എസിൽ ലയിച്ചേക്കുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി. തന്നെ കോൺഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരേ രൂക്ഷമായ ഭാഷയിൽ മറുപടി പറയാത്തത് സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു പ്രതികരണം.
സിറ്റിംഗ് സീറ്റായ പാലായും കുട്ടനാടും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും ടി.പി. പീതാംബരനും വ്യക്തമാക്കിയപ്പോൾ ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് ചോദിക്കാൻ അവകാശമുണ്ടെന്നും അവരെ മാനിക്കണമെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.