കണ്ണൂർ: ദേശീയ പാതയിൽ കോൾഡ് മില്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടാറിംഗ് ഇന്നലെ പുനരാരംഭിച്ചു. മേലെചൊവ്വ മുതൽ ചേംബർ ഒാഫ് കൊമേഴ്സ് വരെയുള്ള പ്രവൃത്തിയാണ് പുനരാരംഭിച്ചത്. ഇന്നു വൈകീട്ടോടെ ഈ ഭാഗത്തെ പണി പൂർത്തായാകുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച്ച മുതൽ അവസാനഘട്ട മിനുക്കുപണി തുടങ്ങും. മൂന്നുദിവസത്തിനുള്ളിൽ ഇതും പൂർത്തിയാകും.
ഭൂഗർഭ കേബിൾ ഇടാനായി കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ നികത്തുന്ന പണി ഇതിനോടകം പൂർത്തിയായി. നികത്തിയ കുഴികൾക്ക് മേലെയുള്ള ടാറിംഗ് പ്രവൃത്തി ഞായറാഴ്ച്ച വൈകീട്ടോടെയാണ് പൂർത്തിയായത്.
കൊടുവള്ളി മുതൽ നടാൽ വരെയുള്ള ഭാഗത്തെ അവസാനഘട്ട മിനുക്കു പണിയും നടന്നുവരികയാണ്. ദേശീയപാത നവീകരണത്തിനനുസരിച്ച് കേബിൾ കുഴിയടക്കൽ പൂർത്തിയാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചതോടെയാണ് ദേശീയപാത വിഭാഗം ഈ പ്രവൃത്തി ഏറ്റെടുത്തത്. 36 വലിയ കുഴികളാണ് ഉണ്ടായത്. മുഴുവൻ പണിയും പൂർത്തിയാക്കി 11 ന് റോഡ് പൂർണമായി തുറന്നു കൊടുക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
നഗരക്കുരുക്ക് ഒരാഴ്ച കൂടി
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി താഴെ ചൊവ്വ മുതൽ ചേംബർ ഒാഫ് കോമേഴ്സ് വരെയുള്ള രണ്ടാംഘട്ട ടാറിംഗ് പ്രവൃത്തി ഡിസംബർ 28 നാണ് ആരംഭിച്ചത്. തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസ് ജംഗ്ഷൻ -കണ്ണൂർ സിറ്റി വഴിയാണ് തിരിച്ചുവിട്ടത്. മട്ടന്നൂർ ഭാഗത്തെ വാഹനങ്ങൾ മുണ്ടയാട് സ്റ്റേഡിയം വഴി തിരിഞ്ഞാണ് നഗരത്തിലെത്തുന്നത്. ഇതേ തുടർന്നുണ്ടാകുന്ന ഗതാഗതകുരുക്കിൽ നഗരം ശ്വാസം മുട്ടുകയാണ്. കുറുവ, ആയിക്കര എന്നിവിടങ്ങളിൽ കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാനുള്ള സൗകര്യമേയുള്ളൂ. ഭാരവണ്ടികൾ കൂടി ഇതുവഴി കടന്നുപോകുമ്പോൾ കുരുക്ക് രൂക്ഷമാകുകയാണ്.