purushothaman
ഹിമാചൽ പ്രദേശിൽ അടൽ ടണൽ നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ ചീഫ് എഞ്ചിനീയർ കെ.പി പുരുഷോത്തമൻ കണ്ണൂർ കോർപ്പറേഷൻ ഓഫീസിൽ എത്തിയപ്പോൾ.

കണ്ണൂർ: 'ഇപ്പോഴും പൂർണ അർത്ഥത്തിൽ വികസിച്ച നഗരമല്ല കണ്ണൂർ. ഇനിയും വികസിക്കേണ്ടതുണ്ട്. മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള പ്രവൃത്തികളാണ് നമ്മുടെ നഗരത്തിനു വേണ്ടത്. ഹിമാചലിലെ ലോകപ്രശസ്തമായ അടൽ ടണലിന്റെ അമരക്കാരനായ ഏച്ചൂർ സ്വദേശി കെ.പി. പുരുഷോത്തമൻ കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് തന്റെ ജന്മനാട്ടിനെ കുറിച്ച് മനസുതുറന്നത്.

ജനസാന്ദ്രത, വാഹനങ്ങളുടെ എണ്ണം, കെട്ടിടങ്ങൾ, പ്രധാനറോഡുകളും ചെറിയ റോഡുകളും ഇടറോഡുകളും, കുടിവെള്ളത്തിന്റ ആവശ്യകത, വിതരണത്തോത് ഇതൊക്കെ അടിസ്ഥാനപ്പെടുത്തിയാകണം മാസ്റ്റർ പ്ളാൻ തയാറാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

.കണ്ണൂർ ഇപ്പോഴും നേരത്തെ ഉറങ്ങുന്ന നഗരമാണ്. പുതിയ നഗരങ്ങൾ അങ്ങിനെയല്ല. ആ നഗരങ്ങൾ ഒരിക്കലും ഉറങ്ങുന്നില്ല. അവിടെയാണ് വികസനത്തിന്റെ പുതിയ രൂപങ്ങൾ കാണാൻ കഴിയുക. കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും മഹാനഗരങ്ങളിൽ വികസനം യാഥാർത്ഥ്യമാകും. അത്തരത്തിലുള്ള വികസന കുതിപ്പാണ് ഇവിടെയും വളർന്നുവരേണ്ടത്. അതിവേഗം നാട് കുതിക്കണമെങ്കിൽ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനം അനിവാര്യമാണ്. അതു കൂട്ടായ്മയിലൂടെ മാത്രമെ സാധിച്ചെടുക്കാൻ കഴിയുള്ളൂ.

ആധുനിക രീതിയിലുള്ള നഗരവികസനത്തിന് വലിയതോതിൽ ഫണ്ട് ആവശ്യമാണ്. അതു കണ്ടെത്തുകയാണ് പ്രധാനം. ഏറ്റവും മികച്ച കൺസൽട്ടൻസിയെ ഏൽപ്പിച്ച് കൃത്യമായ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യണം. 50 വർഷത്തെയെങ്കിലും വികസന സാദ്ധ്യത മുൻകൂട്ടിക്കണ്ടായിരിക്കണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതെന്നും കെ.പി പുരുഷോത്തമൻ പറഞ്ഞു.

പുരുഷോത്തമന്റെ ഭാര്യ സിന്ധു, മകൾ യുവിക എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡപ്യൂട്ടിമേയർ കെ. ഷബീന, കോർപ്പറേഷൻ സെക്രട്ടറി ഡി.സാജു, കൗൺസിലർമാരായ സുരേഷ്ബാബു എളയാവൂർ, ടി. രവീന്ദ്രൻ, പി. ഇന്ദിര, മുസ്‌ലി മഠത്തിൽ, എം.വി രാജേഷ്, ജയസൂര്യ, സിയാദ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഏച്ചൂരിൽ നിന്ന് ഹിമാലയം വരെ

ഏച്ചൂരിലെ കുന്നിപറമ്പിൽ വീട്ടിൽ കെ.പി. പുരുഷോത്തമൻ എൻജിനിയറിംഗ് ബിരുദശേഷം 1987ലാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ചേർന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപിലായിരുന്നു ആദ്യ നിയമനം. നാഗാലാൻഡ്, രാജസ്ഥാൻ, മിസോറാം, ജമ്മു കാശ്‌മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള 750 സാങ്കേതിക വിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേർന്ന് പത്തുവർഷം കൊണ്ടാണ് അടൽ ടണൽ പൂർത്തിയാക്കിയത്.

പശ്ചിമഘട്ടം തുരങ്കപാതകൾക്ക് അനുയോജ്യം

ഉറപ്പുള്ള പാറകൾ ഉള്ള പശ്ചിമഘട്ടമലനിരകൾ തുരങ്കപാതകൾക്ക് അനുയോജ്യമാണെന്നാണ് പുരുഷോത്തമന്റെ പക്ഷം. ഹിമാലയൻ മലനിരകളിലെ പാറകളും മറ്റും ശക്തികുറഞ്ഞതിനാൽ ഇവിടെ മണ്ണിടിച്ചൽ രൂക്ഷമാണ്.