കണ്ണൂർ: കൊവിഡ് ഭീതിയിൽ 294 ദിവസം അടച്ചിട്ട കോളേജുകളിലും സർവ്വകലാശാല കാമ്പസുകളിലും ഇന്നലെ മുതൽ അദ്ധ്യയനം ആരംഭിച്ചു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും എല്ലാ സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥികൾക്കുമാണ് ക്ലാസ് തുടങ്ങിയത്. 50 ശതമാനം വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊവിഡ് മാനദണ്ഡപ്രകാരമാണ് ക്ലാസുകൾ നടക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 16 നാണ് കൊവിഡിനെ തുടർന്ന് ക്ലാസുകൾ നിർത്തിവച്ചത്.
ഏറെ നാളുകൾക്കൊടുവിൽ സുഹൃത്തുകളെ നേരിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ഇടയ്ക്കിടെ സാനിറ്റൈസർ ഇടണം, മാസ്കില്ലാതെ സംസാരിക്കാൻ പാടില്ല, കൂട്ടംകൂടി നിൽക്കുവാനോ ആഹാര സാധനങ്ങൾ പങ്കുവയ്ക്കുവാനോ പാടില്ല തുടങ്ങിയ കർശന നിർദേശങ്ങൾ പാലിക്കാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പത്തു ദിവസത്തിനു ശേഷം ക്ലാസുകൾ സംബന്ധിച്ച അവലോകന റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനും സർവകലാശാലയ്ക്കും കൈമാറാനും പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മറ്റ് സെമസ്റ്ററുകൾക്ക് ക്ലാസ് തുടങ്ങുക. അദ്ധ്യാപകർ ക്ലാസ് നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റിന്റെ സമയത്ത് മാത്രം കോളേജിൽ എത്തിയാൽ മതി.
തയാറാണ് കൊവിഡ് മോണിറ്ററിംഗ് സെൽ
സ്‌കൂളിലെ പോലെ തന്നെ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കൊവിഡ് മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ, അധ്യാപക പ്രതിനിധികൾ, അനദ്ധ്യാപക പ്രതിനിധി, ഹെൽത്ത് ഇൻസ്‌പെക്ടർ, പി.ടി.എ പ്രതിനിധി, വിദ്യാർത്ഥി പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങൾ .പ്രിൻസിപ്പൽ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി കോളേജുകളിൽ ഹാജരായിരുന്നു.
ക്ളാസ് സമയം രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു വരെ
50 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ടെങ്കിൽ രണ്ട് ഷിഫ്റ്റുകളായി തിരിക്കും
ഓൺലൈൻ ക്ലാസ് സംശയനിവാരണത്തിനും ലാബുകൾക്കും മുൻഗണന