പറശ്ശിനിക്കടവ്: രാജ്യത്ത് തന്നെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിൽ ഓടിത്തുടങ്ങി. കേരളത്തിൽ നിർമ്മിക്കുന്ന നാല് വാട്ടർ ടാക്‌സികളിൽ ആദ്യത്തേത് ആലപ്പുഴയിൽ സർവീസ് നേരത്തെ തുടങ്ങിയിരുന്നു. തുടർന്നാണ് പദ്ധതി പറശ്ശിനിയിലും യാഥാർത്ഥ്യമായിരിക്കുന്നത്. മലബാറിലെ ആദ്യത്തെ വാട്ടർ ടാക്‌സി ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.

10 പേർക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റർ വേഗതയുള്ള വാട്ടർ ടാക്സിയാണ് പറശ്ശിനിക്കടവിലേത്. നാലര കോടി രൂപ ചെലവിൽ രണ്ട് മാസം മുമ്പാണ് പറശ്ശിനിക്കടവിൽ ബോട്ട് ടെർമിനൽ പ്രവർത്തനമാരംഭിച്ചത്. വിശാലമായ ഇരിപ്പിട സൗകര്യങ്ങളോടെയാണ് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടെർമിനൽ ഒരുക്കിയത്.

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നടന്ന ചടങ്ങിൽ ജെയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷനായി.

ആന്തൂർ നഗരസഭ അദ്ധ്യക്ഷൻ പി. മുകുന്ദൻ, ഉപാദ്ധ്യക്ഷ വി. സതീദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ റീഷ്‌ന, കെ. രമേശൻ, പി.പി ഷമീമ, വി.എം സീന, എ.വി സുശീല, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, ഡി.ടി.പി.സി സെക്രട്ടറി കെ.പി ശ്രീനിവാസൻ, വാർഡ് കൗൺസിലർമാർ, രാഷട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പറശ്ശിനിക്കടവിൽ 120 പേർക്ക് യാത്രചെയ്യാവുന്ന എ.സി ടൂറിസ്റ്റ് ബോട്ട് അനുവദിക്കും. നിലവിലെ സർവീസിന് പുറമെ കൂടുതൽ ബോട്ടുകൾ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. ആലപ്പുഴയിൽ പുതുതായി ആരംഭിച്ച എ.സി ടൂറിസ്റ്റ് ബോട്ടിന്റെ മാതൃകയിലാണ് പറശ്ശിനിക്കടവിലും ബോട്ട് അനുവദിക്കുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ടൂറിസം മേഖലയിൽ എസി, സോളാർ, ഇലക്ട്രിക് ബോട്ടുകൾ നടപ്പാക്കാൻ തീരുമാനിച്ചത്. സോളാർ ബോട്ടുകളുടെ നിർമ്മാണം ത്വരിതപ്പെടുത്തുന്നതിന് ബഡ്ജറ്റിൽ കൂടുതൽ തുക അനുവദിക്കാമെന്ന് ധനകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്.

എ.കെ ശശീന്ദ്രൻ, ജലഗതാഗത വകുപ്പ് മന്ത്രി