കണ്ണൂർ: 'കണ്ണൂർ നൽകിയത് നിറഞ്ഞ സ്‌നേഹം, ജില്ലയുടെ അവസാന പൊലീസ് മേധാവിയാകാൻ സാധിച്ചത് അഭിമാനമായി കാണുന്നു'. പൊലീസ് ജില്ല റൂറലും സിറ്റിയുമായി വിഭജിക്കപ്പെട്ടതിനു പിന്നാലെ കേരള സായുധ പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറിപ്പോകുന്ന പൊലീസ് ചീഫ് യതീഷ് ചന്ദ്രയുടെ വാക്കുകളാണിത്. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ചേമ്പറിൽ നൽകിയ യാത്രയയപ്പ് പരിപാടിയിലാണ് കണ്ണൂരിനെക്കുറിച്ച് അദ്ദേഹം മനസു തുറന്നത്.
കൊവിഡ് സാഹചര്യത്തിൽ ചില കർക്കശ നിർദേശങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്. ജനങ്ങൾക്ക് അത് പല വിധത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ അതൊക്കെയും കൊവിഡ് നിയന്ത്രിക്കാൻ വേറെ വഴിയില്ലാത്തതു കൊണ്ടാണ്- യതീഷ് ചന്ദ്ര കൂട്ടിച്ചേർത്തു. നാടിന്റെ നന്മയ്ക്കുവേണ്ടി സാഹചര്യത്തിനനുസരിച്ചുള്ള ഇടപെടൽ മാത്രമാണ് നടത്തിയത്. നല്ല ഉദ്ദേശ്യത്തോടെ തന്നെയാണ് അന്ന് ഏത്തമിടീച്ചത്. ആ വിഷയത്തിൽ പോലും മുഖ്യമന്ത്രി അടക്കം പിന്തുണ നൽകിയിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞതിന്റെ കാരണം സമാധാന യോഗങ്ങളാണ്. കൊവിഡ് കാലത്തെ പൊലീസ് സാന്നിധ്യവും അടിത്തട്ടിലേക്ക് പ്രവർത്തനം വ്യാപിച്ചതും നാട്ടിൽ സമാധാനം പുലരുന്നതിന് പിന്നിലുണ്ട്. ഒരു വിഷയത്തിലും രാഷ്ട്രീയ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. പൊലീസിന്റെ നിർദ്ദേശങ്ങളിൽ രാഷ്ട്രീയ കക്ഷികൾ സഹകരിച്ചിരുന്നെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
ആർ. ഇളങ്കോ ചുമതലയേറ്റു
പുതിയ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി ആർ. ഇളങ്കോ ചുമതലയേറ്റു. ജില്ലാ പൊലീസ് വിഭജനത്തിന്റെ ഭാഗമായാണ് പുതിയ കമ്മിഷണറായി ഇളങ്കോ എത്തിയത്. കഴിഞ്ഞ ദിവസം റൂറൽ എസ്.പിയായി നവനീത് ശർമ ചുമതലയേറ്റിരുന്നു.