പയ്യന്നൂർ: നീന്തൽ പഠിക്കൂ; ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നീന്തൽ പ്രകടനവുമായി ആറു വയസ്സുകാരൻ. ഏഴിമല നാവിക അക്കാഡമി പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ലഫ്. കമാൻഡർ ബിനേഷ് പ്രഭുവിന്റെയും ചിത്രയുടെയും മകൻ, ഏഴിമല നേവൽ ചിൽഡ്രൺ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ഡാരിയസ് പ്രഭുവാണ് ആഴമുള്ള പെരുമ്പപുഴ നാലു പ്രാവശ്യം കുറുകെ നീന്തിക്കടന്നത്.
ഡാരിയസിന്റെ രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം ചാൾസൺ നീന്തൽ പരിശീലന അക്കാദമി പരിശീലകൻ ചാൾസണാണ് ഡാരിയസിനെ നീന്തൽ പഠിപ്പിച്ചത്. ചാൾസനൊപ്പം അനായാസമായാണ് ഡാരിയസ് പുഴ നീന്തിക്കടന്നത്. പുഴയിലും കായലിലും കടലിലും നീന്താനാകുമെന്ന ആറുവയസ്സുകാരന്റെ ആത്മവിശ്വാസമാണ് രക്ഷിതാക്കളുടെ അനുമതിയോടെയുള്ള നീന്തൽ പ്രകടനത്തിന് വഴിവെച്ചത്.
ഇന്നു രാവിലെ 7.30 ന് കവ്വായി കായലിന്റെ ഭാഗമായ ഒരുകിലോ മീറ്ററോളം വിസ്തൃതിയുള്ള ഏറൻ പുഴയും ഈ കൊച്ചുമിടുക്കൻ നീന്തിക്കടക്കും. നാളെ ഡാരിയസ് പയ്യാമ്പലം കടലിലും നീന്തും.
ജലാശയങ്ങളിൽ സുരക്ഷയില്ല: ചാൾസൺ
ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ ജല അപകടങ്ങൾ വർദ്ധിക്കുന്നതിനു കാരണം നീന്തൽ വശമില്ലാത്തതാണെന്നും
ഈ ദുരന്തങ്ങളെ ഇല്ലാതാക്കാൻ യാതൊരു തയ്യാറെടുപ്പും നടത്തുന്നില്ല എന്നതാണ് വസ്തുതയെന്നും ചാൾസൺ ഏഴിമല പറഞ്ഞു. റോഡപകടങ്ങളുടെ കാര്യത്തിൽ സുരക്ഷയ്ക്ക് കമ്മിറ്റികളും മറ്റും നിലവിലുള്ളപ്പോൾ മുങ്ങിമരണങ്ങളുടെ കാര്യത്തിൽ ഒരു മുൻകരുതൽ നടപടികളുമില്ല. വരും തലമുറകളെയെങ്കിലും ജല അപകടങ്ങളിൽനിന്ന് രക്ഷിക്കാനുള്ള ആഹ്വാനവും ബോധവൽക്കരണവുമാണ് ഡാരിയസിന്റെ നീന്തൽ പ്രകടനത്തിലൂടെ സമൂഹത്തിന് നൽകുന്നതെന്നും ചാൾസൺ പറഞ്ഞു.