അച്ചാംതുരുത്തി: പണ്ടുമുതലേ അച്ചാംതുരുത്തി ഗ്രാമത്തിന് ഒരു പേരുണ്ടായിരുന്നു. കുടിക്കാൻ ശുദ്ധജലം കിട്ടാത്ത ഗ്രാമമെന്ന്. ചുറ്റും പുഴയായതിനാലാണ് അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങൾ മുമ്പ് കടുത്ത ശുദ്ധജലക്ഷാമം അനുഭവിച്ചത്. നിരവധി കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയതിലൂടെ ശുദ്ധജലക്ഷാമം അടുത്തകാലത്തായി മാറി കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമവാസികൾ മുഴുവൻ ചർച്ച ചെയ്യുന്നത് ഇനിയങ്ങോട്ട് 400 കുടുംബങ്ങളും ഉപ്പുവെള്ളം കുടിക്കേണ്ടി വരുമോ എന്നാണ്. പാലായി ഷട്ടർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായതോടെ പടിഞ്ഞാറൻ മേഖലയിലെ തീരദേശങ്ങളിൽ കഴിയുന്ന നിരവധി കുടുംബങ്ങൾ ആശങ്കയിലാണ്. മുമ്പ് കാലങ്ങളിലൊന്നും ഈ സമയത്ത് ഉപ്പുവെള്ളം തീരങ്ങളിലെ പറമ്പുകളിലേക്ക് കയറുന്ന അവസ്ഥ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ഇക്കഴിഞ്ഞ പ്രളയ ദിനങ്ങളെ ഓർമ്മിപ്പിക്കുന്ന വിധമാണ് ഉപ്പുവെള്ളം കയറുന്നത്. വീടുകളിലെ കിണറുകളിലും ജലാശയങ്ങളിലും ഉപ്പുവെള്ളം കയറിയതോടെ നാടുമുഴുവൻ ശുദ്ധ ജല ക്ഷാമത്തിന്റെ പിടിയിലാകുകയാണ്. പാലായി ഷട്ടർ കം ബ്രിഡ്ജിൽ തടഞ്ഞുനിർത്തുന്ന വെള്ളം ഒറ്റയടിക്ക് തുറന്നു വിടുന്നതോടെയാണ് അച്ചാംതുരുത്തി ഉപ്പുവെള്ള ഭീഷണി നേരിടാൻ തുടങ്ങിയത്. ശാസ്ത്രീയ പഠനം നടത്താതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ നൂറുകണക്കിന് വീടുകളും അവരുടെ കൃഷികളും ജലസ്രോതസ്സുകളും നഷ്ടപ്പെടാൻ ഇടവരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. വികസനത്തിന്റെ പേരിൽ അശാസ്ത്രീയമായ നിർമ്മിതിയാണ് നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
ബൈറ്റ്
അച്ചാംതുരുത്തി ദ്വീപിൽ ഉപ്പുവെള്ളം കയറുന്നത് ഗുരുതര പ്രശ്നമാണ്. ജലസേചനത്തിന് മാത്രമെന്ന് പറഞ്ഞതിനാലാണ് പാലായി പദ്ധതിയെ ആരും എതിർക്കാതിരുന്നത്. എന്നാലിത് പടിഞ്ഞാറൻ മേഖലയെ ദുരിതത്തിലാക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി വേണം.
പത്രവളപ്പിൽ സത്യനാഥൻ (യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി )