തലശ്ശേരി: എം.ജി റോഡിൽ നഗരസഭാ കാര്യാലയത്തിന്റെ മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ നാല് നില കെട്ടിടം കാടുകയറി ചുമരുകളിലും, കോൺക്രീറ്റിലും വിള്ളൽ വീണ് അടർന്ന് നിൽക്കുകയാണ്. ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുമായി.
മുമ്പ് മുൻസിപ്പൽ ടൂറിസ്റ്റ് ബംഗ്ലാവായിരുന്ന ഈ ബഹുനില കെട്ടിടം പിന്നീട് വ്യാപാര സമുച്ചയമാക്കുകയായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസ്, ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് സെന്റർ, ഇൻകം ടാക്സ് വിജിലൻസ് ഓഫീസ്, സർവീസ് ബാങ്ക് തുടങ്ങി ജനങ്ങൾ ദൈനം ദിനം ബന്ധപ്പെടുന്ന നിരവധി സ്ഥാപനങ്ങൾ ഈ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻഭാഗത്ത് നിന്ന് നോക്കിയാൽ സുന്ദരമായ കെട്ടിടമാണ്. എന്നാൽ പിറക് ഭാഗത്ത് കെട്ടിടമാകെ പൊട്ടിപ്പൊളിഞ്ഞ്, പലതരം മരങ്ങളുടെ വേരുകളിറങ്ങി, വിള്ളലുകൾ വീണ് ഭാർഗ്ഗവീ നിലയം പോലെ കിടക്കുകയാണ്. മഴ പെയ്താൽ കെട്ടിടം ചോർന്നൊലിക്കും. വൻ മരങ്ങൾ തന്നെ ജീർണ്ണിച്ച കെട്ടിടത്തിന്റെ ചുമരുകളിൽ വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. അപകടാവസ്ഥയിലായ പിൻഭാഗത്തായി പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നു. താഴത്തെ പോക്കറ്റ് റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങളും, പല സ്‌കൂളുകളിലേക്കുമുള്ള വിദ്യാർത്ഥികളും കടന്നു പോകും. സമീപത്തെ സി.എസ്.ഐ. ഷോപ്പിംഗ് കോംപ്ലക്സിനും നഗരസഭയുടെ നാശോൻ മുഖമായ ഈ കെട്ടിടം വൻ ഭീഷണി ഉയർത്തുകയാണ്.