തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കാരോളത്ത് പ്രവർത്തിച്ചു വരുന്ന തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന് സ്വന്തമായി പുതിയ കെട്ടിടം പണിയുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഏഴിന് വൈകീട്ട് നാലിന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഓൺലൈനിൽ നിർവ്വഹിക്കും.

2013 ൽ പ്രവർത്തനം തുടങ്ങിയ കോളേജിന് സ്വന്തമായി ഭൂമിയുണ്ടെങ്കിലും നിയമ തടസം മൂലം കെട്ടിടം നിർമ്മിക്കാനായിരുന്നില്ല. ഇതേ തുടർന്ന് കാരോളത്തെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പുതിയ മാനേജ്മെന്റ് കോളേജ് ഏറ്റടുത്തതോടെയാണ് പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ടേക്ക് കോളേജ് കാമ്പസ് മാറ്റുന്നത്. 400 മീറ്റർ ട്രാക്കോടു കൂടിയ കളി സ്ഥലവും ഇൻഡോർ സ്‌റ്റേഡിയം, അത് ലറ്റിക്ക് ട്രാക്ക്, ജംപിംഗ് പിറ്റുകൾ, എന്നിവയും അനുബന്ധമായി ഒരുക്കുന്നു. ജല ദൗർലഭ്യം പരിഹരിക്കുന്നതിന് മഴവെള്ള സംഭരണിയും നിർമ്മിക്കും. അടുത്ത അദ്ധ്യായന വർഷം മുതൽ പഠനം പുതിയ കാമ്പസിലേക്ക് മാറുമെന്ന് മാനേജ്മെന്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷനാകും. സിൻഡിക്കേറ്റംഗം വി.പി.പി മുസ്തഫ മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി ലോഗോ പ്രകാശനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.വി ഉണ്ണികൃഷ്ണൻ, വി.പി അബ്ദുൾ റഹിമാൻ, അക്കാഡമിക് ഡയറക്ടർ കെ.ടി അഷ്റഫ്, എം. സുലൈമാൻ, ഫഹദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.