കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റിടങ്ങളിൽ അഭിമാനകരമായ വിജയം നേടിയപ്പോൾ കണ്ണൂർ കോർപ്പറേഷനിലെ തോൽവി ജാഗ്രതക്കുറവ് കൊണ്ടാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. പിഴവുകൾ തിരുത്തി കൂടുതൽ കരുത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലേക്ക് കടക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
കണ്ണൂർ കോർപ്പറേഷനിലെ വോട്ട് ചോർച്ച അർഹിക്കുന്ന ഗൗരവത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല. വളരെ ചിട്ടയോടെ പ്രവർത്തനം നടന്നുവെങ്കിലും ചിലയിടങ്ങളിൽ അപ്രതീക്ഷിതമായി വോട്ട് ചോർച്ചയുണ്ടായി. കോർപ്പറേഷന്റെ പഴയ മുനിസിപ്പൽ മേഖലയിലും പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലും വേണ്ടത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ ബി.ജെ.പിക്ക് വോട്ട് വർദ്ധിച്ചിട്ടുണ്ട്. പള്ളിക്കുന്ന് ഡിവിഷനിൽ ബി.ജെ.പി ജയിച്ചതും ഗൗരവമായി കാണണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രതീക്ഷിച്ചതു പോലെ കൂടുതൽ പഞ്ചായത്തുകളിൽ ഭരണം നേടാൻ കഴിഞ്ഞുവെങ്കിലും പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ചില പ്രദേശങ്ങളിൽ വോട്ട് ചോർച്ച കാര്യമായി നടന്നിട്ടുണ്ട്.
ആകെയുള്ള 1683 സീറ്റുകളിൽ തില്ലങ്കേരി ഒഴികെ 1682 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 1117 സീറ്റുകളിലും എൽ.ഡി.എഫാണ് വിജയിച്ചത്. 55 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാപഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം ഇടതുപക്ഷത്തിനുണ്ടെന്നും യോഗം വിലയിരുത്തി.
അഞ്ഞൂറിൽ നിന്ന് അറുപതിലേക്ക്
പരമ്പരാഗത ശക്തികേന്ദ്രമായ മയ്യിൽ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ അവിശ്വസനീയകരമായ രീതിയിലാണ് വോട്ട് ചോർച്ചയുണ്ടായത്. മുൻ തിരഞ്ഞെടുപ്പിൽ അഞ്ഞൂറിലേറെ വോട്ടുകൾക്ക് ജയിച്ച ഒരു വാർഡിൽ ഭൂരിപക്ഷം അറുപതായി കുറഞ്ഞു. നാനൂറോളം വോട്ടിന് ജയിക്കുന്ന ഒരു വാർഡിൽ ജയിച്ചത് കേവലം ആറ് വോട്ടിനാണ്.
തോറ്റവരും വീടു കയറണം
തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചവർക്കൊപ്പം നേരിയ വോട്ടിന് തോറ്റവരും വീടുകൾ കയറി അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണം. ജനകീയാടിത്തറ ഭദ്രമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തും. ജില്ലയിൽ പിന്നാക്കം പോയ കണ്ണൂർ, ഇരിക്കൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.