കണ്ണൂർ: ചെങ്ങറ ഭൂസമര പുനരധിവാസത്തിൽപ്പെട്ട ദളിത് കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 12 ന് രാവിലെ പത്തിന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചതായി സമരസഹായ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി തവണ ദളിത് കുടുംബങ്ങളെ സി.പി.എം പ്രവർത്തകർ വീടുകയറി ആക്രമിച്ചെന്ന് സമിതി കുറ്റപ്പെടുത്തി.

കളക്ടർക്കും പൊലീസിലും പരാതികൾ നൽകിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് സമര പരിപാടി ആരംഭിച്ചതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. കോളനിവാസികളെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, ചെങ്ങറ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒടുവള്ളിത്തട്ടിലെ ഭൂമി അതിർത്തി തിരിച്ച് മതിൽ കെട്ടി സംരക്ഷിക്കുക, കോളനി പരിസര പ്രദേശങ്ങളിലെ വ്യാജമദ്യ വാറ്റിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ പി .മാധവൻ , സി .എ .അജീർ, സൈനുദ്ദീൻ കരിവെള്ളൂർ, ശശി , വിജയൻ ചെങ്ങറ എന്നിവർ സംബന്ധിച്ചു.