നീലേശ്വരം: വെസ്റ്റ്എളേരി പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗം പുതുതായി താമസമാരംഭിക്കുന്ന വീട്ടുകാർക്ക് ഫലവൃക്ഷത്തൈ നല്കുന്നു. 18ാം വാർഡിൽ നിന്ന് വിജയിച്ച റൈഹാനത്താണ് ഫലവൃക്ഷം നൽകി മാതൃകയാവുന്നത്. ഒരു വീട് പണിയുമ്പോൾ ചുരുങ്ങിയത് നാലോ അഞ്ചോ വൃക്ഷങ്ങൾ അവിടെ നിന്ന് മുറിച്ച് മാറ്റുന്നുണ്ട്. ഇതിന് പകരമായാണ് വീട്ടിൽ താമസം തുടങ്ങുന്ന ദിവസം തന്നെ ഫലവൃക്ഷവുമായി റൈഹാനത്ത് വീട്ടിൽ എത്തി തൈ വീട്ടുകാരെ ഏല്പിക്കുന്നത്.

ഇങ്ങിനെ അഞ്ചു വർഷത്തിനിടയിൽ തന്റെ വാർഡിൽ ഒട്ടേറെ മരങ്ങൾ വളരുമെന്നാണ് ഇവരുടെ പ്രതീക്ഷ. സങ്കര ഇനത്തിൽ പെട്ട ഫലവൃക്ഷതൈ പടന്നക്കാട് കാർഷിക കോളേജിൽ നിന്ന് സ്വന്തം കാശ് ചെലവഴിച്ചാണ് വാങ്ങുന്നത്. വാങ്ങുന്ന തൈകൾ സ്വന്തം സ്ക്കൂട്ടിയിൽ എത്തിക്കും. വീട്ടുകാർ ആവശ്യപ്പെടുകയാണെങ്കിൽ വീണ്ടും തൈകൾ എത്തിക്കാനും റൈഹാനത്ത് ഒരുക്കമാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ലെസീമാ ചന്ദ്രനെ 104 വോട്ടിന് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിലെ റൈഹാനത്ത് വിജയിച്ചത്. വാർഡ് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.