തളിപ്പറമ്പ്: കാലിക്കടവ്-കണ്ണൂർ ദേശീയപാത ബൈപ്പാസ് നിർമ്മാണ ജോലികളുടെ ഭാഗമായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി തുരന്ന് മണ്ണിന്റെ ഘടന പരിശോധിച്ചുതുടങ്ങി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ച റോഡുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാൻ ഭൂമിയിൽ എത്രയടി ആഴത്തിൽ കരിങ്കൽ ശേഖരം കാണുന്നുവെന്നതാണ് പരിശോധനയിലൂടെ നിർണയിക്കുന്നത്.
റോഡിന്റെ ബലം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം പരിശോധന നടത്തുന്നത്. പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ ദേശീയപാത എളുപ്പത്തിൽ തകരുന്നത് പതിവായതിനാൽ ഇവിടെയും പരിശോധന നടത്തി വരികയാണ്. ഭൂമിയുടെ അന്തർഭാഗം ബലക്കുറവ് കാണിക്കുന്ന സ്ഥലങ്ങളിൽ റോഡ് തകരാതിരിക്കാൻ കൂടുതൽ കാര്യക്ഷമതയോടെ നിർമ്മാണം നടത്തേണ്ടതുണ്ട്. പയ്യന്നൂർ പെരുമ്പ, കരിവെള്ളൂർ, ഏഴിലോട്, പരിയാരം പ്രദേശങ്ങളിൽ മണ്ണിന് ബലക്കുറവ് കണ്ടെത്തിയതിനാൽ ഇവിടെ ഉന്നത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടിവരും.
200 അടി ആഴത്തിൽ
200 അടിയോളം ആഴത്തിൽ ഭൂമി തുരന്നാണ് മണ്ണ് പരിശോധിക്കുന്നത്. ചുരുങ്ങിയത് അഞ്ചു വർഷത്തേക്കെങ്കിലും തകരാത്ത വിധത്തിലായിരിക്കും റോഡിന്റെ നിർമ്മാണം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോധി ടെക്നോ ക്രാഫ്റ്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മണ്ണുപരിശോധന നടത്തുന്നത്. കഴിഞ്ഞ വർഷം നവംബർ 28നാണ് ഇതു സംബന്ധിച്ച പരിശോധനകൾ ആരംഭിച്ചത് അടുത്ത മാസം അവസാനത്തോടെ പരിശോധനകൾ പൂർത്തിയാകും.