തലശ്ശേരി: കോടിയേരി ഇടയിൽപീടികയിലെ സി.പി.എം പ്രവർത്തകന്റെ വീടിനും, വായനശാലക്കും നേരെ അക്രമം. തണലിൽ സത്യന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച പുലർച്ചെ അക്രമം നടന്നത്. കല്ലേറിൽ ജനൽ ഗ്ലാസുകളുൾപ്പെടെ തകരുകയും ഇരുമ്പുവടി കൊണ്ടും മറ്റും ഒരു സംഘം അക്രമം നടത്തുകയായിരുന്നെന്ന് വീട്ടുകാർ പരാതിപ്പെട്ടു.
അക്രമം നടന്ന സത്യന്റെ വീടിന് സമീപത്തെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലയായ മധു സ്മാരക മന്ദിരത്തിന് നേരെയും അക്രമം നടന്നതായി സി.പി.എം നേതൃത്വം ആരോപിച്ചു.
ജനൽ ചില്ലുകളും മറ്റും തകർന്നു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കഴിഞ്ഞ ദിവസം സി.പി.എം മുൻ നഗരസഭാ കൗൺസിലറും മഹിളാ അസോസിയേഷൻ നേതാവുമായ കോടിയേരി ഇടയിൽപീടികയിലെ എം.പി നീമയുടെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. തുടർന്ന് മാടപ്പീടിക ശാഖ ആർ.എസ്.എസ് ശിക്ഷക് അർജുനന് (27)നേരെ അക്രമം നടന്നു. ന്യൂ മാഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്.